ഐഎംഎഫ് പാകിസ്ഥാന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചതില്‍ കടുത്ത വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) പാകിസ്ഥാന് ഒരു ബില്യണ്‍ ഡോളര്‍ വായ്പയാണ് അനുവദിച്ചത്. പ്രദേശത്തെ പല പ്രദേശങ്ങളെയും തകര്‍ക്കാന്‍ അവര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ വാങ്ങിയതിനുള്ള പണം തിരിച്ചടയ്ക്കാനാണ് ഇത് ഉപയോഗിക്കപ്പെടുകയെന്ന് ഒമര്‍ പറഞ്ഞു.
ഒരു വശത്ത് അതിര്‍ത്തിയിലെ അക്രമം നിര്‍ത്തണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നു. മറുവശത്ത് ഐഎംഎഫ് പാകിസ്ഥാന് അകമഴിഞ്ഞ് ധനസഹായം നല്‍കുന്നു. ഈ പണം പാകിസ്ഥാന്‍ ഉപയോഗിക്കുന്നത് നിയന്ത്രണരേഖയിലെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ തകര്‍ക്കാനാണെന്ന് ഒമര്‍ പറഞ്ഞു. ഫലത്തില്‍ ആക്രമണം തുടരാന്‍ പാകിസ്ഥാന് ഐഎംഎഫ് ധനസഹായം നല്‍കുന്നത് പോലെ തന്നെയാണ്. പിന്നെ അങ്ങനെയാണ് നിലവിലെ സംഘര്‍ഷം എങ്ങനെ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ധിച്ചുവരുന്ന പാകിസ്ഥാന്റെ കടബാധ്യതക്കിടയില്‍ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കാനുള്ള ജീവനാഡിയാണ് ഈ വായ്പ. പാകിസ്ഥാന്റെ 'മോശം ട്രാക്ക് റെക്കോര്‍ഡ്' കണക്കിലെടുത്ത് ഇത്തരം വായ്പകളുടെ കാര്യക്ഷമതയെക്കുറിച്ചും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇത്തരം ഫണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചും ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.
പാകിസ്ഥാന് പണം നല്‍കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ പാകിസ്ഥാനെ പോലൊരു രാജ്യം ആ പണം കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് ലോകം കാണുന്നുണ്ടെന്ന് വാഷിംഗ്ടണില്‍ ചേര്‍ന്ന ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ തുറന്നടിച്ചു. ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായമാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നല്‍കിയത്. രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്റെ വായ്പയിലെ രണ്ടാം ഗഡുവായി 8500 കോടി ഐഎംഎഫ് അനുവദിച്ചു. പാകിസ്ഥാന് വായ്പ നല്‍കാനുള്ള അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ നടപടികളില്‍ നിന്നും വിട്ടുനിന്നിരുന്നു.