CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 34 Seconds Ago
Breaking Now

സിസിടിവിയില്‍ കുടുങ്ങി എംആര്‍ അജിത് കുമാര്‍; ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്

പമ്പ- സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്.

എഡിജിപി എംആര്‍ അജിത് കുമാര്‍ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അജിത് കുമാറിനൊപ്പം രണ്ട് പേഴ്‌സണല്‍ സ്റ്റാഫുകളും ട്രാക്ടറിലുണ്ട്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്ഠ നടന്ന കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് അജിത് കുമാര്‍ ശബരിമലയിലെത്തിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര ചെയ്തതാണ് വിവാദത്തിന് കാരണമായത്.

സന്നിധാനത്തു നിന്ന് പമ്പയിലേക്ക് യാത്രചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള സിസിടിവി ക്യാമറകളില്‍ ഒന്ന് പ്രവര്‍ത്തനക്ഷമമായിരുന്നു. അതില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. അതേസമയം ട്രാക്ടറില്‍ ശബരിമലയിലേക്കു യാത്ര ചെയ്തതില്‍ അജിത്കുമാര്‍ ഡിജിപിക്ക് വിശദീകരണം എഴുതി നല്‍കി. മല കയറുന്ന സമയത്താണ് ട്രാക്ടര്‍ വന്നതെന്നും കാലുവേദന അനുവഭപ്പെട്ടതുകൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്നും വിശദീകരണത്തില്‍ പറയുന്നു.

പമ്പ- സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാര്‍ യാത്ര നടത്തിയത്. ഇത് വിവാദമാവുകയും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തുകയായിരുന്നു. സംഭവത്തില്‍ പമ്പ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. എഡിജിപി നടത്തിയത് ഗുരുതര നിയമലംഘനമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

അതിനിടെ ട്രാക്ടര്‍യാത്രയില്‍ പോലീസ് വിശദ പരിശോധന നടത്തണമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും നിയമലംഘനം ഗൗരവമുള്ളതാണെന്നാണ് അധികൃതരുടെ പൊതുനിലപാട്. ഒഴിവാക്കേണ്ടതായിരുന്നു ഈ യാത്ര. എഡിജിപി നിയമലംഘനം നടത്തിയ സംഭവത്തില്‍ ദേവസ്വത്തെ ഹൈക്കോടതി കക്ഷിചേര്‍ത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ല. അടുത്ത തിങ്കളാഴ്ചയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.