സിപിഎമ്മുമായി അകലംപാലിക്കുന്ന മുന്‍ എംഎല്‍എ അയിഷാ പോറ്റി ഇന്ന് കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നു. അയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവര്‍ പങ്കെടുക്കുന്നത്.
കലയപുരം ആശ്രയ സങ്കേതത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ അനുസ്മരണ പ്രഭാഷണമാണ് അയിഷാ നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഒരു പാര്‍ട്ടിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നും ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ എന്നുമാണ് വിഷയത്തില്‍ അയിഷാ പോറ്റിയുടെ പ്രതികരണം.
സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് കുറച്ചുകാലമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. നിലവില്‍ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
വര്‍ഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ആര്‍ ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ച്ചയായി മൂന്നുതവണ അവര്‍ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു.