സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയില്‍ മെമ്മറി കാര്‍ഡ് വിവാദം ചൂട് പിടിക്കുന്നു, കുക്കു പരമേശ്വരനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്. സ്ത്രീകളുടെ ദുരനുഭവങ്ങള്‍ പങ്കുവെക്കുന്ന ഹാര്‍ഡ് ഡിസ്‌ക് ഉടന്‍ പുറത്തുവിടണമെന്ന് കൂടുതല്‍ പേര്‍ ആവശ്യപ്പെട്ടു. കുക്കൂവിനെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപക ഹേറ്റ് ക്യാമ്പയിനും നടക്കുന്നു. പ്രതികരണത്തിനില്ലെന്നും നടക്കുന്നത് ഗ്രൂപ്പിസത്തിന്റെ ഭാഗമെന്നും കുക്കു പ്രതികരിച്ചു.
അതേസമയം സിനിമാ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കുക്കു പരമേശ്വരനാണ് തന്നെ വിളിച്ചതെന്നും അവിടെ എത്തിയപ്പോള്‍ ക്യാമറ കണ്ടിരുന്നെന്നും പ്രിയങ്ക പറഞ്ഞു. എന്തിനാണ് രഹസ്യമായി സംസാരിക്കുമ്പോള്‍ ക്യാമറ എന്ന് ചോദിച്ചപ്പോള്‍ ഒരു തെളിവിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി. ആദ്യമേ ഞങ്ങളെല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ചിരുന്നു.
അവിടെ ഓരോരുത്തരും പറഞ്ഞ ദുരനുഭവങ്ങള്‍ ഞങ്ങള്‍ വിശ്വസിച്ചു. എല്ലാവരും ദുരനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ലീക്കായി. അതെങ്ങനെ സംഭവിച്ചു? ആ ഹാര്‍ഡ് ഡിസ്‌ക് നമുക്ക് കിട്ടണമെന്നും പ്രിയങ്ക പറഞ്ഞു.
കുക്കു പരമേശ്വരന് അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുന്‍പ് എ.എം.എം.എയിലെ സ്ത്രീകള്‍ ഒരുമിച്ചുകൂടി സിനിമ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും കുക്കു പരമേശ്വരനാണ് ഈ യോഗത്തിന് മുന്‍കൈയെടുത്തതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു. യോഗം വീഡിയോയില്‍ പകര്‍ത്തിയിരുന്നു.
അതിന്റെ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശം വെച്ചു. ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണ് ഈ മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോള്‍ മെമ്മറി കാര്‍ഡ് തങ്ങളുടെ കൈവശം ഇല്ലെന്നാണ് പറയുന്നത്. മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി വന്നാല്‍ ഇതുവെച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. മെമ്മറി കാര്‍ഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.