CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 45 Minutes 11 Seconds Ago
Breaking Now

മമ്മൂട്ടി എന്ന് പേരിട്ടയാളെ വേദിയില്‍ പരിചയപ്പെടുത്തി മമ്മൂക്ക ; കഥ പറയുമ്പോള്‍ ക്ലൈമാക്‌സ് രംഗമാണ് ഓര്‍മ്മ വന്നതെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ്

മമ്മൂട്ടി എന്ന് പേരിട്ടയാളെ വേദിയിലേക്ക് മമ്മൂക്ക ക്ഷണിച്ച വിവരം കുറിപ്പിലൂടെ പറഞ്ഞ് നിര്‍മാതാവ് ആന്റോ ജോസഫ്. ഈ ദൃശ്യം സദസ്സില്‍ ഇരുന്ന് കണ്ടപ്പോള്‍ 'കഥ പറയുമ്പോള്‍' എന്ന സിനിമയിലെ ക്ലൈമാക്‌സ് രംഗമാണ് ഓര്‍മ്മ വന്നതെന്നും ആന്റോ പറഞ്ഞു. ആദ്യമായി മമ്മൂട്ടിയെന്നുവിളിച്ചയാള്‍ക്കരികെ ശശിധരന്‍ എന്ന പഴയ സഹപാഠി കൈകൂപ്പി നിന്ന നിമിഷവും ആന്റോ കുറിപ്പില്‍ പങ്കുവെച്ചു. ഫേസ്ബുക്കില്‍ ശശിധരന്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആന്റോ ജോസഫ് കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'എനിക്കറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാള്‍ ദാണ്ടെ...അവിടിരിപ്പുണ്ട്...' മമ്മൂക്ക പറഞ്ഞപ്പോള്‍ എല്ലാവരും സദസ്സിന്റെ ഒരു വശത്തേക്ക് ഉറ്റുനോക്കി. പിന്നെ നിങ്ങള്‍ക്ക് കാണാനായി അദ്ദേഹത്തെ ഞാന്‍ ഇങ്ങോട്ടുവിളിക്കുകയാണ് എന്നു പറഞ്ഞ് മമ്മൂക്ക ഒരാളെ സദസ്സിലേക്ക് വിളിച്ചു കയറ്റി, പരിചയപ്പെടുത്തി. 'ഇദ്ദേഹത്തിന്റെ പേര് ശശിധരന്‍...എടവനക്കാടാണ് വീട്...ഇദ്ദേഹമാണ് എനിക്ക് മമ്മൂട്ടിയെന്ന് പേരിട്ടത്.'-മമ്മൂക്ക പറഞ്ഞു. മലയാള മനോരമയുടെ ഹോര്‍ത്തൂസ് എന്ന സാഹിത്യോത്സവവേദിയിലൂടെ അങ്ങനെ ലോകം മമ്മൂക്കയ്ക്ക് മമ്മൂട്ടിയെന്നുപേരിട്ടയാളെ കണ്ടു. ആ ദൃശ്യം സദസ്സിലൊരാളായി കണ്ടുകൊണ്ടുനിന്നപ്പോള്‍ 'കഥ പറയുമ്പോള്‍' എന്ന സിനിമയിലെ ക്ലൈമാക്‌സ് ഓര്‍ത്തു (അവതാരകയും മമ്മൂക്കയുടെ പ്രസം?ഗത്തിനുശേഷം അതുതന്നെ പറഞ്ഞു) കൊച്ചിക്കായലിനരികെയുള്ള വേദിയില്‍ ഇന്ന് വൈകീട്ട് നില്‍ക്കുമ്പോള്‍ മമ്മൂക്ക ആ പഴയ മഹാരാജാസുകാരനായിരുന്നു. അവിടെവച്ച് താന്‍ മമ്മൂട്ടിയായ കഥ അദ്ദേഹം ഓര്‍ത്തെടുത്തു'.

'മുഹമ്മദ് കുട്ടി എന്ന പേര് പറയാന്‍ മടിച്ച് ചോദിക്കുന്നവരോടൊക്കെ തന്റ പേര് ഒമര്‍ ഷെരീഫ് എന്നു പറഞ്ഞുനടന്ന കാലത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ എല്ലാവരും ഒമറേ എന്നുവിളിച്ച അന്നൊരിക്കല്‍ പോക്കറ്റില്‍നിന്ന് ഐഡന്റിറ്റികാര്‍ഡ് താഴെ വീണു. പിന്നീടുള്ള സംഭവം മമ്മൂക്കയുടെ വാക്കുകളില്‍ തന്നെ കുറിക്കുന്നു: 'ഐഡി കാര്‍ഡ് എടുത്തു നോക്കിയിട്ട് ഒരുത്തന്‍ ചോദിച്ചു, നിന്റെ പേര് ഒമറെന്നല്ലല്ലോ..മമ്മൂട്ടിയെന്നല്ലേ എന്ന്... അന്നുമുതലാണ് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കിടയിലും ഇപ്പോള്‍ നിങ്ങള്‍ക്കിടയിലും മമ്മൂട്ടിയായത്...പലരും ചോദിച്ചിട്ടുണ്ട് ആരാണ് മമ്മൂട്ടിയെന്നുപേരിട്ടതെന്ന്. താനാണ് എന്ന് അവകാശപ്പെട്ട് സ്വമേധയാ മുന്നോട്ടുവന്ന പലരുമുണ്ട്. പല ആളുകളും പത്രങ്ങളില്‍ എഴുതുകയും ചെയ്തു. പക്ഷേ എനിക്കറിയാവുന്ന,എനിക്ക് പേരിട്ടയാള്‍ ഇദ്ദേഹമാണ്. ഇത്രയും കാലം ഞാന്‍ ഇദ്ദേഹത്തെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു...ഒരു സര്‍പ്രൈസ്..നാലുപേര് കാണ്‍കെ പരിചയപ്പെടുത്തണമെന്ന് ആ?ഗ്രഹമുണ്ടായിരുന്നു...' ലോകത്തോളം വളര്‍ന്ന, താന്‍ ആദ്യമായി മമ്മൂട്ടിയെന്നുവിളിച്ചയാള്‍ക്കരികെ ശശിധരന്‍ എന്ന പഴയ സഹപാഠി കൈകൂപ്പി നിന്നു. അപ്പോള്‍ കൊച്ചിയിലെ കായലും സായാഹ്നവും അതുകണ്ടുനിന്നു...', ആന്റോ ജോസഫ് കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.