
















തന്റെ കരിയറിലെ ആദ്യത്തെ പരാജയത്തെക്കുറിച്ച് മനസുതുറന്ന് നടി രാകുല്‍ പ്രീത് സിംഗ്. മഹേഷ് ബാബു ചിത്രം സ്‌പൈഡര്‍ ആണ് തന്റെ ആദ്യത്തെ വലിയ പരാജയമെന്നും അത് ഒരിക്കലും താന്‍ പ്രതീക്ഷിച്ചില്ലെന്നും രാകുല്‍ പറഞ്ഞു. അതിന് മുന്‍പുള്ള തന്റെ പത്തോളം സിനിമകള്‍ വലിയ ഹിറ്റായിരുന്നു എന്നും നടി പറഞ്ഞു
'സ്‌പൈഡര്‍ ആയിരുന്നു എന്റെ കരിയറിലെ ആദ്യത്തെ വലിയ പരാജയം. ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ ബാധിച്ചിരുന്നു. കാരണം ആ സമയത്ത് രാംചരണ്‍, റാം പോത്തിനേനി, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള സിനിമയുള്‍പ്പെടെ എന്റെ പത്തോളം സിനിമകള്‍ അവിടെ സൂപ്പര്‍ ഹിറ്റായിരുന്നു. സ്‌പൈഡര്‍ സൈന്‍ ചെയ്യുന്ന സമയത്ത് മഹേഷ് ബാബു, എ ആര്‍ മുരുഗദോസ് ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷകളായിരുന്നു. പക്ഷെ ആ സിനിമ പരാജയത്തിന്റെ ഫീല്‍ എന്താണെന്ന് എന്നെ അറിയിച്ചു. പക്ഷെ ഉയര്‍ച്ച ഉണ്ടെങ്കില്‍ ഒരു താഴ്ചയും ഉണ്ടാകും',രാകുല്‍ പറഞ്ഞു.
മഹേഷ് ബാബുവിനെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കിയ സിനിമയാണ് സ്‌പൈഡര്‍. മഹേഷ് ബാബുവിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള പ്രോജക്ട് ആയിരുന്നു ചിത്രം. 2006ല്‍ പുറത്തിറങ്ങിയ സ്റ്റാലിന്‍ എന്ന ചിത്രത്തിന് ശേഷം മുരുകദോസ് തെലുങ്കില്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. എസ് ജെ സൂര്യയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്. നടന്റെ വില്ലന്‍ വേഷം കയ്യടി വാങ്ങിയെങ്കിലും സിനിമ വിജയിച്ചില്ല