സിനിമാ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ഗുരുക്കന്‍മാര്‍ പറഞ്ഞുകൊടുക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് കൊല്ലം എംഎല്‍എയുടെ ചോദ്യം. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് ആ ഉദ്ദേശത്തോടെ ആയിരിക്കില്ലെന്നാണ് കൊല്ലം എംഎല്‍എ പറയുന്നു.
ഗുരുക്കന്‍മാര്‍ പറഞ്ഞുകൊടുക്കുന്നതില്‍ എന്താണ് തെറ്റെന്ന്് ചോദിച്ച മുകേഷ് അഭിമുഖം നടത്തി ആവശ്യമെങ്കില്‍ മൂന്ന് മാസത്തെ ട്രെയിനിങ് നല്‍കണമെന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതെന്നും പറഞ്ഞു. ട്രെയിനിങ് നല്‍കിയ ശേഷം സിനിമാ നിര്‍മിക്കാന്‍ കൊടുത്താല്‍ കുറേക്കൂടി നന്നാവും. കപ്പാസിറ്റി ഇല്ലാത്തവരാണെങ്കില്‍ ഗുരുക്കന്‍മാര്‍ പറഞ്ഞുകൊടുക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് മുകേഷിന്റെ പക്ഷം.
സര്‍ക്കാര്‍ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ സംവിധായകര്‍ക്കും സ്ത്രീ സംവിധായകര്‍ക്കും നിര്‍ബന്ധമായും വിദഗ്ധരുടെ കീഴില്‍ കുറഞ്ഞത് മൂന്ന് മാസ തീവ്ര പരിശീലനം നല്‍കണമെന്നായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുതെന്നും ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണെന്നും അടൂര്‍ പറഞ്ഞു. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ ആരോപിച്ചു. ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകയായ പുഷ്പവതി പ്രതിഷേധമുയര്‍ത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വകവെക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം തുടരുകയായിരുന്നു.
അടൂറിന് മറുപടിയായി പലരും രംഗത്ത് വന്നിരുന്നു. തന്നെ പോലെയുളള സംവിധായകര്‍ക്ക് സിനിമ ചെയ്യാന്‍ സര്‍ക്കാര്‍ ഒന്നരക്കോടി വെറുതെ തരികയായിരുന്നില്ലെന്ന് ശ്രുതി ശരണ്യം പ്രതികരിച്ചു. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന, നാലോളം റൗണ്ടുകളായുണ്ടായ മത്സരത്തിലൂടെയാണ് ഞങ്ങളുടെ തിരക്കഥകള്‍ തിരഞ്ഞെടുക്കപ്പെട്ടത്. മെയില്‍ അപ്പര്‍ ക്ലാസ് പ്രിവിലെജില്‍ ജീവിച്ചവര്‍ക്ക് ഇപ്പറയുന്ന ബുദ്ധിമുട്ടുകള്‍ എന്തെന്ന് മനസ്സിലാവില്ലെന്നും ശ്രുതി ശരണ്യം ഫേസ്ബുക്കില്‍ കുറിച്ചു.