കമല്‍ഹാസന്റെ സിനിമകള്‍ ഒടിടിയില്‍ പോലും കാണരുതെന്ന് ആഹ്വാനം ചെയ്ത് തമിഴ്‌നാട് ബിജെപി. കഴിഞ്ഞ ദിവസം അഗരം ഫൗണ്ടേഷന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സനാതന ധര്‍മ്മത്തെക്കുറിച്ച് നടന്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമലിന്റെ സിനിമകള്‍ കാണരുതെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്. സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് കമല്‍ഹാസന്‍ ആണെന്നും നടന്റെ സിനിമകള്‍ ഇനി കാണരുതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അമര്‍ പ്രസാദ് റെഡ്ഡി പറഞ്ഞു.
'രാഷ്ട്രത്തെ മാറ്റാന്‍ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂവെന്നും ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം അതാണെന്നുമായിരുന്നു, കമല്‍ ഹാസന്‍ പറഞ്ഞത്. കൂടാതെ മെഡിക്കല്‍ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തടസ്സമാണെന്നും' അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയാണ് തമിഴ്‌നാട് ബിജെപിയെ ചൊടിപ്പിച്ചത്.
സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് കമല്‍ ഹാസന്‍ ആണെന്നും കമലിന്റെ സിനിമകള്‍ ഒടിടിയില്‍ പോലും കാണരുതെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അങ്ങനെ ചെയ്താല്‍ ഇത്തരം പ്രസ്താവനകള്‍ അവര്‍ പൊതുവേദിയില്‍ പറയില്ലെന്നും തമിഴ്‌നാട് ബിജെപി സെക്രട്ടറി പറഞ്ഞു. കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേരാണ് അത് എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയത്. സനാതനത്തെക്കുറിച്ച് കമല്‍ഹാസന്‍ ഒരു പൊതുവേദിയില്‍ പരാമര്‍ശിച്ചത് അനാവശ്യമായിരുന്നുവെന്നാണ് നടി ഖുശ്ബു പറഞ്ഞത്. അതേസമയം കമല്‍ഹാസനെ പിന്തുണച്ചുകൊണ്ടാണ് ഡിഎംകെ വക്താവ് എ. ശരവണനും രം?ഗത്തെത്തിയത്.