വധശ്രമക്കേസ് പ്രതിയെ വീടിന്റെ മച്ചില്‍ നിന്നും പിടികൂടി പൊലീസ്. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താന്‍ റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്.
ആഗസ്റ്റ് നാലിന് ഞാങ്ങാട്ടിരിയില്‍ വെച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് സുല്‍ത്താന്‍ റാഫിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ ഒളിവില്‍പ്പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന സുല്‍ത്താന്‍ റാഫിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
സ്വന്തം വീടിന്റെ സമീപത്ത് സുല്‍ത്താന്‍ റാഫിയുടെ ടവര്‍ലൊക്കേഷന്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മച്ചില്‍ നിന്നും സുല്‍ത്താന്‍ റാഫിയെ പൊലീസ് പിടികൂടിയത്.