പിആര്‍ ലഭിക്കാന്‍ പത്തുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരുമോ ? സര്‍ക്കാരിന്റെ നീക്കം ആശങ്കയാകുകയാണ്. പെറ്റീഷനുകള്‍ അടിസ്ഥാനമാക്കി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഈ മാസം 8ന് നടന്ന ചര്‍ച്ചകള്‍ ഇതു ശരിവയ്ക്കുന്നതാണ്. നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി മലയാളികളെ ഇതു ബാധിക്കും. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എംപിമാര്‍ തങ്ങളുടെ അഭിപ്രായം പങ്കുവച്ചു. ആഷ്‌ഫോര്‍ഡില്‍ നിന്നുള്ള മലയാളി എംപി സോജന്‍ ജോസഫ് എന്‍എച്ച്എസിലുള്ള വിദേശ തൊഴിലാളികളുടെ സംഭാവനയെ കുറിച്ചും നിരവധി കുടുംബങ്ങളെ ബാധിക്കുന്നതിനെ കുറിച്ചും വ്യക്തമാക്കി.
എന്നാല്‍ അനധികൃത കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. യുകെയില്‍ നിലവില്‍ കഴിയുന്നവര്‍ക്ക് ബാധകമാകുമോ എന്ന കാര്യത്തിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കോവിഡ് കാലത്ത് ആരോഗ്യമേഖലയില്‍ ജോലിക്ക് എത്തിയ പലരും പിആര്‍ കിട്ടാനുള്ള അഞ്ചു വര്‍ഷം പൂര്‍ത്തിയാകാറായവരാണ്. എന്നാല്‍ പുതിയ നിയമം വന്നാല്‍ പിആറിനായി പത്തു വര്‍ഷം കാത്തിരിക്കേണ്ടിവരും.
മതിയായ വോട്ടുകളുമായി പാര്‍ലമെന്റ് മുമ്പാകെ എത്തിയ പെറ്റീഷനിലെ വിഷയങ്ങളിന്മേല്‍ പൊതു ജന അഭിപ്രായം തേടുന്ന പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാകും തീരുമാനം. എന്നാല്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ഗുണകരമാകില്ലെന്ന അഭിപ്രായമുണ്ട്.
പിആര്‍ നല്‍കാനുള്ള കാലാവധി അഞ്ചു വര്‍ഷത്തില്‍ തുടരണോ പത്തുവര്‍ഷമായി വര്‍ധിപ്പിക്കണോ എന്ന ചോദ്യമാണ് വരുന്നതെങ്കില്‍ തദ്ദേശീയരായവര്‍ പത്ത് എന്നവാദത്തെ പിന്തുണച്ചേക്കും.
പ്രവാസികള്‍ സംഘടനകള്‍ ഒത്തൊരുമിച്ച് കണ്‍സള്‍ട്ടേഷനില്‍ ശക്തമായി പ്രതികരിച്ചാല്‍ വിജയിക്കാനാകും. എന്നാല്‍ ഇതു പ്രായോഗികമാകുമോ എന്ന് സംശയമുണ്ട്.
ആയിരക്കണക്കിന് മലയാളികള്‍ അഞ്ചുവര്‍ഷ ശേഷം പിആര്‍ ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ്. ഇതിനിടെയാണ് പുതിയ തിരിച്ചടി. യുകെയില്‍ വലിയ തോതില്‍ ചൂഷണം നടക്കുമെന്നും വിദഗ്ധരായവര്‍ പിആര്‍ വൈകുന്നതിനാല്‍ യുകെ വിട്ട് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുമെന്നും വിമര്‍ശനമുയരുന്നുണ്ട്.