ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ നിയമസഭയില്‍ എത്തിയതിന് പിന്നാലെ ശബരിമല ദര്‍ശനത്തിനെത്തി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനായി പോയത്. രാത്രി 10 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ ദര്‍ശനം കഴിഞ്ഞ് മടങ്ങും.
കഴിഞ്ഞ ദിവസം ലൈംഗിക ആരോപണത്തെത്തുടര്‍ന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെയും നിലപാട് തള്ളിയാണ് രാഹുല്‍ നിയമസഭയിലെത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം രാഹുല്‍ നിയമസഭക്കുള്ളിലെത്തിയത്.
ഇതിന് പിന്നാലെ ശനിയാഴ്ച മുതല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. പ്രതിപക്ഷനിരയുടെ ഏറ്റവും പിന്നില്‍ പ്രത്യേക ബ്ലോക്കായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ ഇരുന്നത്.