ബ്രിട്ടനിലെ സ്‌കൂളുകളില്‍ മക്കളെ പറഞ്ഞയയ്ക്കുമ്പോള്‍ ഒരു വിശ്വാസമാണ് മാതാപിതാക്കള്‍ക്കുള്ളത്. അവര്‍ അബദ്ധങ്ങളില്‍ ചെന്നുചാടാതെ പഠനത്തില്‍ ശ്രദ്ധിച്ച് നല്ലൊരു ഭാവി കെട്ടിപ്പടുക്കുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ വലിയൊരു ശതമാനം കുട്ടികള്‍ക്ക് ഈ വിശ്വാസം തെറ്റിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയുമായി ബന്ധപ്പെട്ട സ്‌കൂള്‍ നിയമങ്ങള്‍ ലംഘിക്കുന്ന 130 കുട്ടികളെയെങ്കിലും ദിവസേന സ്‌കൂളുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് കണക്ക്. 2024 ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ കുട്ടികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 24,554 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 742 വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും ചെയ്തു.
ക്ലാസുകളില്‍ മദ്യപിച്ചും, മയക്കുമരുന്ന് ഉപയോഗിച്ചും കയറുക, മയക്കുമരുന്ന് ഇടപാട് നടത്തുക, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ ദുരുപയോഗം ചെയ്യുക, പതിവായി പുകവലിച്ച് പിടിക്കുക എന്നിവയാണ് കുറ്റകൃത്യങ്ങളില്‍ പെടുന്നത്. ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയും അച്ചടക്കം പഠിപ്പിക്കേണ്ടി വരുന്നുണ്ടെന്നതാണ് ഞെട്ടിക്കുന്ന വിഷയം.
190 അധ്യയന ദിവസങ്ങളാണ് ഒരു വര്‍ഷമുള്ളത്. ഇത് പ്രകാരം 130 കുട്ടികളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. നാല് പേരെ ദിവസേന പുറത്താക്കുകയും ചെയ്യുന്നു. 2022 ജൂലൈ മുതലുള്ള 24 മാസങ്ങള്‍ക്കിടെ 8 ശതമാനം വര്‍ദ്ധനവാണ് കണക്കുകളില്‍ രേഖപ്പെടുത്തുന്നത്.