പലസ്തീനെ ഒരു രാജ്യമായി ഔദ്യോഗികമായി അംഗീകരിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രി മുന്നോട്ട് വെച്ച നിബന്ധനകള്‍ പാലിക്കാന്‍ ഇസ്രയേല്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അംഗീകാരം നല്‍കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ലേബര്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പലസ്തീനിലെ മനുഷ്യാവകാശ സ്ഥിതി മോശമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തുന്നത്. യുഎസും, ഹമാസ് ബന്ദികളാക്കി വെച്ചവരുടെ കുടുംബങ്ങളുടെ സമ്മര്‍ദവും കണക്കിലെടുക്കാതെയാണ് നീക്കം.
അടുത്ത ആഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കള്‍ പങ്കെടുക്കുന്നതിന് മുന്‍പ് പ്രഖ്യാപനം ഉണ്ടാകും. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ ഒരു ദ്വിരാഷ്ട്ര പരിഹാരം ഒരിക്കലും സാധ്യമാകില്ലെന്ന ആശങ്കയിലാണ് മന്ത്രിമാര്‍.
എന്നാല്‍ ഹമാസിന്റെ തീവ്രവാദത്തിനുള്ള സമ്മാനമായി ഇത് മാറുമെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇതിന് പുറമെ പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതോടെ യുകെ 2 ട്രില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരവും നല്‍കേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടന്‍ മേഖലയിലെ നിയന്ത്രണം ഉപേക്ഷിച്ചത് പലസ്തീന്‍ ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ കാരണമായെന്ന് ആരോപിച്ചാണ് ഈ നഷ്ടപരിഹാരത്തിന് ശ്രമം നടക്കുക.