CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 37 Minutes 38 Seconds Ago
Breaking Now

'ലീഗ് അവസരവാദരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാര്‍, ഇടതിനൊപ്പം കൂടിയാലും അത്ഭുതപ്പെടാനില്ല'; വെള്ളാപ്പള്ളി നടേശന്‍

ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്.

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'മതേതര കോമഡി'കളിലൊന്നാണ് മുസ്ലിം ലീഗ്. പേരിലും പ്രവര്‍ത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തില്‍ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. നവ നേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാല്‍ ഓര്‍മവരിക പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റല്‍ മഴയില്‍ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വമെന്നും വെള്ളാപ്പള്ളി പറയുന്നു.

ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്. തീപ്പൊരി പ്രാസംഗികനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിയെപോലുള്ള 'ആദര്‍ശധീരന്മാരായ'ലീഗ് നേതാക്കളുടെ മതേതരഭാഷണങ്ങള്‍ കേട്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?. പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലുകുടിക്കുക. നിങ്ങളുടെ മുഖം വെളിച്ചത്തുവന്നു കഴിഞ്ഞു. സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നാണ് രാഷ്ട്രീയ നേതാവായ ഷാജിയുടെ ന്യായീകരണം. അങ്ങനെയെങ്കില്‍ അന്തസുണ്ടെങ്കില്‍ അദ്ദേഹം 'കുമ്പിടി' കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവെച്ച് മുസ്ലിംകള്‍ക്കുവേണ്ടി സംസാരിക്കട്ടെ. അതാണ് മിനിമം മര്യാദയെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.

സമ്പന്നരായ മുസ്ലിംകള്‍ക്ക് വേണ്ടി സമ്പന്നരായ നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്ന തിരിച്ചറിവ് പാവപ്പെട്ട മുസ്ലിംകള്‍ക്ക് വേണം. വോട്ടുബാങ്കെന്ന അവരുടെ വില്‍പന ചരക്കാണ് നിങ്ങള്‍. നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലിം ലീഗ്. നൂറ് കണക്കിന് ഹിന്ദുക്കളെ കൊന്നുതള്ളിയ, ക്ഷേത്ര ധ്വംസനങ്ങള്‍ നടത്തിയ മലബാര്‍ കലാപം നടന്ന മണ്ണില്‍നിന്ന് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് ലീഗെന്ന ബോധ്യം ഇവിടുത്തെ ഭൂരിപക്ഷ സമൂഹം മറന്നുപോയതാണ് അവര്‍ ചെയ്ത തെറ്റ്. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ലെന്നും മുസ്ലിം വോട്ടു ബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെയും ചുമക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.