പേരാമ്പ്രയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മൂക്കിന് പരിക്കേറ്റ വടകര എംപി ഷാഫി പറമ്പിലിനോട് രൂപസാദ്ധ്യശ്യമുള്ള കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്‍ഡ് പിന്‍വലിച്ച് മില്‍മ. കാര്‍ഡ് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മില്‍മ മലബാര്‍ മേഖല യൂണിയന്റെ സോഷ്യല്‍ മീഡിയ പേജില്‍ പ്രതിഷേധിച്ചിരുന്നു.
മൂക്കിന് മുകളില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച ആളാണ് പരസ്യത്തിലുള്ളത്. 'എനിക്ക് കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ-തൊരപ്പന്‍ കൊച്ചുണ്ണി' എന്ന തലക്കെട്ടോടെയാണ് കാര്‍ഡ്. സിഐഡി മൂസ ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രമാണ് തൊരപ്പന്‍ കൊച്ചുണ്ണി. ഇതേ കഥാപാത്രം പറയുന്ന ഡയലോഗാണ് മില്‍മയുടെ കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത്.
കാര്‍ഡ് വിവാദമായതോടെ ആരെയും അപമാനിക്കാനല്ല കാര്‍ഡ് പ്രചരിപ്പിച്ചതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പ്രതികരിച്ചിരുന്നു. മില്‍മയുടെ സമൂഹമാധ്യമ ടീമാണ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആരെയും രാഷ്ട്രീയമായി ആക്രമിക്കാന്‍ മില്‍മയ്ക്ക് താല്‍പര്യമില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നല്ല പരസ്യവാചകങ്ങള്‍ നല്‍കാറുണ്ട്. അതിനപ്പുറമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മറ്റൊരു കാര്‍ഡും മില്‍മ പിന്‍വലിച്ചിരുന്നു. ബിജെപി നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡ് മറികടന്നുപോകണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെ കാരിക്കേച്ചറായി ചെയ്ത പരസ്യ കാര്‍ഡാണ് പിന്‍വലിച്ചത്. 'ഡാ മോനേ ഒന്നു കൂളായിക്കേ നീ' എന്ന വാചകത്തോടെയായിരുന്നു പരസ്യം. കുട്ടിയുടെ പിതാവ് മില്‍മ അധികൃതര്‍ക്ക് പരാതി നല്‍കിയതോടെയാണ് പരസ്യം പിന്‍വലിച്ചത്.