കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഭിന്നത തുടരവെ നിലപാട് കടുപ്പിച്ച് സിപിഐ. ആര്‍എസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ വഴങ്ങരുതെന്ന് സിപിഐ മുഖപത്രത്തില്‍ ലേഖനം. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില്‍ ഒപ്പുവെക്കരുതെന്ന് സിപിഐ നേതാവും ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ഒ കെ ജയകൃഷ്ണന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു
വര്‍ഗീയ അജണ്ടകള്‍ കുട്ടികളില്‍ കുത്തിവയ്ക്കുന്ന നയം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് മതേതര കേരളത്തിന് അഭിമാനം പകര്‍ന്ന ഒന്നായിരുന്നു. ഇങ്ങനെ പ്രതിരോധം തീര്‍ക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘപരിവാര്‍ ബുദ്ധിയുടെ ഉത്പന്നമാണ് പിഎം ശ്രീ. ഇതില്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തില്‍ രണ്ട് തരം വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടും. പിഎം ശ്രീ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് നഷ്ടമാകും. അങ്ങനെ വന്നാല്‍ ഈ നയ വ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ച് ആത്മഹത്യാപരമാകുമെന്ന് ലേഖനത്തില്‍ പറയുന്നു.
പി എം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് വിയോജിപ്പ് രേഖപ്പെടുത്തിയുള്ള സിപിഐ ലേഖനം പുറത്തുവരുന്നത്. പദ്ധതി നടപ്പിലാക്കിയാല്‍ കേന്ദ്ര പുസ്തകം പഠിപ്പിക്കേണ്ടി വരുമെന്ന് ലേഖനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
തമിഴ്നാട് പദ്ധതി നടപ്പിലാക്കിയില്ല, പകരം സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത്. പിന്നാലെ കേന്ദ്ര വിഹിതം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആ വഴിയാണ് സംസ്ഥാനം സ്വീകരിക്കേണ്ടത്. കേരളത്തിന് അര്‍ഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തില്‍ വേണ്ടത്. അല്ലാതെ ആര്‍എസ്എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല ഇടത് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
പിഎം ശ്രീ വിഷയത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതിയുടെ കാതല്‍ എന്‍ഇപിയാണ്. അതിന്റെ അടിസ്ഥാനം ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണ്. കേരളം എല്ലാ രംഗത്തും ഒരുബദല്‍ രാഷ്ട്രീയത്തിന്റെ സംസ്ഥാനമായാണ് കാണുന്നത്. ഡാര്‍വിന്റെ പരിണാമസിദ്ധാന്തംപോലും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സിലബസ് മാറ്റുന്ന ബിജെപി, ചരിത്രം വളച്ചൊടിക്കുന്ന ശാസ്ത്രത്തെ ഭയപ്പെടുന്ന അന്തവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആര്‍എസ്എസ് നയങ്ങളെ വിദ്യാഭ്യാസ രംഗത്ത് പിഎം ശ്രീയിലുടെ നടപ്പാക്കുന്നതാണ് എന്‍ഇപി. എന്‍ഇപി അവശ്യഘടകമാണെന്നുണ്ടെങ്കില്‍ അതാണ് വ്യവസ്ഥയെങ്കില്‍ അക്കാര്യം കേരള സര്‍ക്കാര്‍ പലവട്ടം ചിന്തിക്കണം. കേരളത്തിലെ സര്‍ക്കാര്‍ സാധാരണ സര്‍ക്കാരല്ല, ഇന്ത്യയുടെ മുന്നില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ വഴികാണിക്കേണ്ട സര്‍ക്കാരാണ്. അതില്‍ വിദ്യാഭ്യാസരംഗം മൗലിക പ്രാധാന്യമുള്ള ഒന്നാണ്. അക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നതും ഫണ്ട് കുടിശികയുണ്ടെന്നതും പലകാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുകയാണെന്നതും ശരിയാണ്. എന്നാല്‍ അവരുടെ ഏറ്റവും തെറ്റായ വിദ്യാഭ്യാസ നയത്തിന് സമ്മതം മൂളിയാലേ പണം തരൂവെന്ന കേന്ദ്ര നിലപാട് ശരിയല്ല. എന്‍ഇപി എന്ന ഘടകത്തിന്റെ വ്യവസ്ഥയ്ക്ക് വിധേയമായിമാത്രമേ പറ്റുകയുള്ളൂവെന്നുണ്ടെങ്കില്‍ അതേപറ്റി എല്‍ഡിഎഫ് സര്‍ക്കാരിന് രാഷ്ട്രീയപരമായും ആശയപരമായും പലവട്ടം ചിന്തിക്കേണ്ട കടമയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.