ജയ്ഷെ മുഹമ്മദ് പുതിയതായി രൂപവത്കരിക്കുന്ന വനിതാ വിഭാഗത്തിനായി ഓണ്‍ലൈന്‍ പരിശീലന കോഴ്സ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. വനിതാ വിഭാഗമായ ജമാത്ത് ഉല്‍-മുമിനാത്ത് സംഘടനയ്ക്കായി ഫണ്ട് സ്വരൂപിക്കുന്നത് അടക്കമുള്ള ശ്രമങ്ങളുടെ ഭാഗമായി 'തുഫത് അല്‍-മുമിനത്ത്' എന്ന ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ത്രീകളെ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിലേക്ക് ആകര്‍ഷിക്കുകയും റിക്രൂട്ട് ചെയ്യുകയുമാണ് ഓണ്‍ലൈന്‍ കോഴ്‌സിന്റെ ലക്ഷ്യം. നവംബര്‍ 8 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ദിവസവും 40 മിനിറ്റ് വീതമാണ് ഉണ്ടാവുക. ക്ലാസില്‍ ചേരാന്‍ 500 പാകിസ്താനി രൂപ (156 ഇന്ത്യന്‍ രൂപ) മുന്‍കൂറായി അടയ്ക്കണം.
ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്ലാസുകള്‍ നയിക്കുക. എസിസ്, ഹമാസ്, എല്‍ടിടിഇ എന്നിവയുടെ മാതൃകയില്‍ ഒരു വനിതാ സേന കെട്ടിപ്പടുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ യൂസഫ് അസ്ഹറിന്റെ ഭാര്യയാണ് മസൂദ് അസ്ഹറിന്റെ സഹോദരിയായ സാദിയ അസ്ഹര്‍. ഇന്ത്യന്‍ സൈന്യം വധിച്ച പുല്‍വാമ ആക്രമണ ഗൂഢാലോചന കേസിലെ കുറ്റവാളി ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫ്രീറ ഫാറൂഖും ക്ലാസുകള്‍ എടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒക്ടോബര്‍ 8ന് ആണ് അസര്‍ ജമാഅത്ത് വനിതാ യൂണിറ്റ് പ്രഖ്യാപിച്ചത്. സ്ത്രീകളെ ഗ്രൂപ്പിലേക്ക് ചേര്‍ക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 19ന് പാക് അധിനിവേശ കശ്മീരില്‍ ദുഖ്തരാന്‍-ഇ-ഇസ്ലാം എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ചാവേര്‍ ആക്രമണങ്ങള്‍ക്ക് അടക്കം സ്ത്രീകളെ ഉപയോഗിക്കാനാണ് സാധ്യത.