CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 3 Seconds Ago
Breaking Now

മോചിപ്പിക്കുന്ന 154 പലസ്തീന്‍ തടവുകാരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് ഇസ്രയേല്‍; മനുഷ്യത്വവിരുദ്ധമെന്ന് വിമര്‍ശനം

പലസ്തീന്‍ തടവുകാരെ കാത്തിരുന്ന കുടുംബാംഗങ്ങള്‍ കടുത്ത നിരാശയിലാണ്. ഈ സ്വാതന്ത്ര്യം കയ്പ്പേറിയതാണെന്നാണ് പലസ്തീന്‍ തടവുകാരുടെ കുടുംബത്തിന്റെ പ്രതികരണം

ഇസ്രയേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഈജിപ്തടക്കമുള്ള രാജ്യങ്ങളിലേക്ക് നാടുകടത്തും എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും മോചനകരാറിലുള്ള ഇരട്ട നിലപാടാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

പലസ്തീന്‍ തടവുകാരെ കാത്തിരുന്ന കുടുംബാംഗങ്ങള്‍ കടുത്ത നിരാശയിലാണ്. ഈ സ്വാതന്ത്ര്യം കയ്പ്പേറിയതാണെന്നാണ് പലസ്തീന്‍ തടവുകാരുടെ കുടുംബത്തിന്റെ പ്രതികരണം. മോചിപ്പിച്ച പലസ്തീനികളെ ഏത് രാജ്യത്തേക്കാണ് നാടുകടത്തിയതെന്ന് വ്യക്തമല്ലെന്ന് അല്‍ ജസീറ പറഞ്ഞു.

'ഇവര്‍ പലസ്തീനിലെ പൗരന്മാരാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യത്തേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമാണ്. മറ്റ് രാജ്യത്തെ പൗരത്വം അവര്‍ക്കില്ല. അവരെ ചെറിയ ജയിലില്‍ നിന്ന് മോചിപ്പിച്ചപ്പോള്‍ വലിയ ജയിലിലേക്ക് അയക്കുന്നു. പുതിയ രാജ്യത്ത് അവര്‍ വലിയ നിയന്ത്രണങ്ങള്‍ നേരിടും. ഇത് മനുഷ്യത്വവിരുദ്ധമാണ്', ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസര്‍ താമര്‍ ഖര്‍മൊത് പറഞ്ഞു.

നേരത്തെയും പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തിയിരുന്നു. ജനുവരിയില്‍ വിട്ടയച്ച ചില തടവുകാരെ ടുണീഷ്യ, അല്‍ജീരിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്കായിരുന്നു നാടുകടത്തിയത്. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് പിടിച്ചുവെച്ച 20 ഇസ്രയേല്‍ ബന്ദികളെയും കഴിഞ്ഞ ദിവസം മോചിപ്പിച്ചു.

അതേസമയം ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാനായി ഈജിപ്തില്‍ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ ഗാസാ സമാധാന കരാര്‍ ഒപ്പുവെച്ചു. ഇതോടെ രണ്ടു വര്‍ഷ നീണ്ട ഗാസയിലെ യുദ്ധത്തിന് വിരാമമായി. 

 




കൂടുതല്‍വാര്‍ത്തകള്‍.