
















ബ്രിട്ടന് ദേശീയ നാണക്കേടായി രോഗികളെ ഇടനാഴികളില്‍ ചികിത്സിക്കുന്നത് തുടരുന്നു. പൊതുവെ വിന്ററില്‍ നടക്കുന്ന പരിപാടി ഇക്കുറി സമ്മറിലും വന്‍തോതില്‍ സാധാരണമായെന്ന കണ്ടെത്തലാണ് ഞെട്ടലാകുന്നത്. ഈ സമ്മറില്‍ എ&ഇയിലെത്തിയ അഞ്ചിലൊന്ന് രോഗികള്‍ക്കാണ് ഇടനാഴി ചികിത്സ വേണ്ടിവന്നതെന്ന് കണക്കുകള്‍ വെളിപ്പെടുത്തി.
ഇത് ഇപ്പോള്‍ സാധാരണ കാര്യമായി മാറിക്കഴിഞ്ഞെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ മുതല്‍ ആഗസ്റ്റ് വരെ ഇംഗ്ലണ്ടിലെ 58 ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച വിവരമാണ് ഇത് വെളിപ്പെടുത്തുന്നത്. ആശുപത്രി ബെഡ് ലഭിക്കാനുള്ള കാലതാമസമാണ് രോഗികളെ അപകടത്തിലാക്കുന്നതെന്ന് 78 ശതമാനം വിശ്വസിക്കുന്നു.
വാര്‍ഡ് ബെഡുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നത് മൂലം നിരവധി മണിക്കൂറുകളാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി കാത്തിരിക്കേണ്ടി വരുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ദൈര്‍ഘ്യമേറിയ അനാവശ്യമായ ബുദ്ധിമുട്ടിപ്പിക്കല്‍ നടക്കുന്ന ഇടമായി മാറിയിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറഞ്ഞു.
രോഗികളെ ഇടനാഴികളിലും, കബോര്‍ഡിലും, ബാത്ത്‌റൂമിലും വരെ ചികിത്സിക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും, ആശുപത്രി മേധാവികളും നടത്തുന്ന ശ്രമങ്ങള്‍ എങ്ങുമെത്താതെ പോകുകയാണ്. ജനുവരി മാസം ലണ്ടനിലെ ഒരു ആശുപത്രി 'കോറിഡോര്‍ നഴ്‌സ്' തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ തേടിയെന്നത് ഞെട്ടിക്കുന്ന അവസ്ഥയ്ക്ക് തെളിവാണ്.