
















ഹണ്ടിംഗ്ടണ്‍ റെയില്‍ കത്തി അക്രമണത്തിന് പിന്നാലെ ഔദ്യോഗിക റെയില്‍ സുരക്ഷാ പുനരവലോകനത്തിന് ഉത്തരവിട്ട് ഗവണ്‍മെന്റ്. കണക്കുകള്‍ പ്രകാരം ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് റെയില്‍ ശൃംഖലകളില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍.
ഓഫീസ് ഓഫ് റെയില്‍ & റോഡ് നടത്തിയ പരിശോധനയില്‍ 2014-15 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മൂവായിരത്തില്‍ നിന്നും പതിനായിരത്തിലേക്കാണ് അക്രമങ്ങള്‍ വര്‍ദ്ധിച്ചത്. 2024-25 വര്‍ഷത്തില്‍ 5.4 ശതമാനം വര്‍ദ്ധനവാണ് റെയില്‍വെ യാത്രകളില്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളില്‍ രേഖപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറയുന്നു. 
അതേസമയം 2024-25 വര്‍ഷം അധികൃതര്‍ തെളിയിച്ച കുറ്റകൃത്യങ്ങളുടെ എണ്ണം കേവലം 11.9 ശതമാനമാണ്. ഒരു വര്‍ഷം മുന്‍പത്തെ 12.5 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. ശനിയാഴ്ച രാത്രി എല്‍എന്‍ഇആര്‍ ട്രെയിനില്‍ 11 പേര്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്നാണ് യുകെ റെയില്‍ സുരക്ഷ റിവ്യൂ ചെയ്യുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്‌സാന്‍ഡര്‍ പറഞ്ഞു.
ഡോങ്കാസ്റ്ററില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു 14 മിനിറ്റ് നീണ്ട അക്രമം. ഡ്രൈവറുടെ മനഃസ്സാനിധ്യം മൂലം പോലീസിന് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഹണ്ടിംഗ്ടണ്‍ സ്‌റ്റേഷനിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. 2025 ജൂണ്‍ വരെ കത്തിയും, മൂര്‍ച്ചയുള്ള ആയുധങ്ങളുമായി 394 കേസുകളാണ് ബിടിപി റിപ്പോര്‍ട്ട് ചെയ്തത്.