
















റേച്ചല്‍ റീവ്‌സിന്റെ പുതിയ ബജറ്റില്‍ പെന്‍ഷന്‍കാരെയും വെറുതെവിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. ഒന്‍പത് മില്ല്യണ്‍ പെന്‍ഷന്‍കാരെങ്കിലും ഇന്‍കം ടാക്‌സ് വലയില്‍ പെടുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തില്‍ തന്നെ ചാന്‍സലര്‍ 'എല്ലാവരും പങ്ക് വഹിക്കണം' എന്ന സൂചന നല്‍കിയത് പോലും ഈ ഉദ്ദേശത്തിലാണെന്നാണ് കരുതുന്നത്.
ഈ മാസം അവസാനം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇന്‍കം ടാക്‌സ് വര്‍ദ്ധന ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമോയെന്ന് പോലും ഉറപ്പിച്ച് പറയാന്‍ തയ്യാറാകാതിരുന്ന ചാന്‍സലര്‍ ഏതെല്ലാം നികുതികളില്‍ കൈവെയ്ക്കുമെന്ന ആശങ്കയും ശക്തമാണ്.
നവംബര്‍ 26ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പൊതുഖജനാവില്‍ കുറവുള്ള വരുമാനം കണ്ടെത്തുകയാണ് റീവ്‌സിന്റെ ഉദ്ദേശം. ഇന്‍കം ടാക്‌സില്‍ 2 പെന്‍സ് വരെ വര്‍ദ്ധന നടപ്പിലാക്കാന്‍ ചാന്‍സലര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. 50,270 പൗണ്ടില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 2 പെന്‍സ് നാഷണല്‍ ഇന്‍ഷുറന്‍സ് ഇളവ് നല്‍കുകയും ചെയ്യുമെന്നാണ് സൂചന.
എന്നാല്‍ ഇതിന്റെ ആശ്വാസം പെന്‍ഷന്‍കാര്‍ക്ക് ലഭിക്കില്ല. കാരണം ജോലിക്കാര്‍ക്ക് സമാനമായി ഇവര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കുന്നില്ല. ഉയര്‍ന്ന വരുമാനക്കാര്‍ക്കും ഈ നീക്കം തിരിച്ചടിയാകും. 50,270 പൗണ്ടിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കട്ടിംഗ് ലഭിക്കില്ലെന്നതിനാല്‍ ഇതുവഴിയും 6 ബില്ല്യണ്‍ പൗണ്ട് വരെ നേടാമെന്നതാണ് റീവ്‌സിന്റെ പദ്ധതി.