
















യുകെ ആശുപത്രികളെ കീഴടക്കി മാരകമായ ഫംഗസ് ബാധ പടര്‍ന്നുപിടിക്കുന്നതായി ചോര്‍ന്ന ഗവണ്‍മെന്റ് രേഖകള്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ രഹസ്യ മെമ്മോ ചോര്‍ന്നതോടെയാണ് അതീവ വ്യാപന ശേഷിയുള്ള കാന്‍ഡിഡോസിമെ ഓറിസ് എന്ന ഫംഗസ് ആശുപത്രികളില്‍ പടരുന്നതായി വ്യക്തമായത്.
അതേസമയം എന്‍എച്ച്എസില്‍ ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച രേഖപ്പെടുത്തുന്നുണ്ട്. ഇതിനിടയില്‍ ഫംഗസ് ബാധ വ്യാപകമാകുകയും ചെയ്യുന്നു. മാരകമായ തോതില്‍ രോഗബാധ പടര്‍ന്നാല്‍ നേരിടാന്‍ പര്യാപ്തമായ തോതില്‍ അവബോധം പോലും ഹെല്‍ത്ത് സര്‍വ്വീസില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നതാണ് അപകടാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്.
ഈ മാരകമായ രോഗം വര്‍ഷങ്ങളോളം കണ്ണില്‍ പെടാതെ ഇരിക്കാനുള്ള സാധ്യതയുമുണ്ട്. ആളുകളുടെ ചര്‍മ്മത്തില്‍ വരെ ഇത് പതിയിരിക്കും. മുറിവുകളിലൂടെ ഇത് രക്തത്തില്‍ ചേര്‍ന്നാല്‍ മാരകമായി മാറും. ആന്റിഫംഗല്‍ മരുന്നുകളോട് ഇത്തരം ഇന്‍ഫെക്ഷനുകള്‍ക്ക് പ്രതിരോധമുണ്ടെന്നതാണ് പ്രധാന പ്രശ്‌നം. പ്രതിരോധ ശേഷി കുറവുള്ളവരില്‍ ഇത് മാരകമായ പ്രത്യാഘാതം സൃഷ്ടിക്കും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 72 ആശുപത്രികളില്‍ ഇത് പടര്‍ന്നിട്ടുണ്ടെന്നാണ് യുകെയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ ഫംഗസിന് നിലവില്‍ വാക്‌സിനുകള്‍ ലഭ്യമല്ല. ഇന്‍ഫെക്ഷന്‍ ബാധിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ 60 ശതമാനം പേരുടെയും ജീവനെടുക്കുമെന്നതിനാല്‍ ലോകാരോഗ്യ സംഘടന ഇതിനെ അതീവ മുന്‍ഗണനയുള്ള ഫംഗല്‍ പാതോജന്‍ ആയാണ് കരുതുന്നത്.