
















300 വര്‍ഷക്കാലത്തിലേറെ കാണാത്ത വിധത്തിലുള്ള നികുതി വര്‍ദ്ധിപ്പിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ജനങ്ങളുടെ ചങ്കത്തടിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ചെലവുചുരുക്കലിനില്ലെന്ന് നിലപാട് വ്യക്തമാക്കിയ റീവ്‌സ് നികുതി വര്‍ദ്ധിപ്പിക്കുന്ന വഴിക്ക് നീങ്ങുമെന്ന് ഉറപ്പായതോടെയാണ് ആശങ്ക ശക്തമായത്. ജനങ്ങള്‍ക്ക് മേലുള്ള നികുതി ഭാരം അസാധാരണമായ തോതില്‍ ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.
മിഡില്‍ ക്ലാസ് വരുമാനക്കാര്‍ക്ക് 60 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി ഭാരമാണ് വഹിക്കേണ്ടി വരികയെന്ന് മുന്‍നിര ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പില്‍ പറയുന്നു. ഇത് ബ്രിട്ടനെ ദുരിതത്തിന്റെ തുടര്‍ക്കഥയിലേക്ക് തള്ളിവിടുമെന്നാണ് പ്രവചനം. 20 ബില്ല്യണ്‍ മുതല്‍ 30 ബില്ല്യണ്‍ വരെ വരുമാന കമ്മിയാണ് ചാന്‍സലര്‍ നേരിടുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസര്‍ച്ച് പറയുന്നു.
ഇതിന് പുറമെ കടം കുറയ്ക്കാന്‍ 30 ബില്ല്യണ്‍ പൗണ്ട് അധികം നേടുകയിം വേണം. ഭാവിയിലെ സാമ്പത്തിക ഷോക്കുകള്‍ അതിജീവിക്കാന്‍ ഈ കരുതല്‍ ആവശ്യമായി വരും. എന്നാല്‍ പൊതുഖജനാവ് റിപ്പയര്‍ ചെയ്യാന്‍ കൃത്യമായ പദ്ധതിയില്ലാതെ പോയാല്‍ റീവ്‌സ് വീണ്ടുമൊരു 'ലിസ് ട്രസ്' അവസ്ഥ വരുത്തിവെയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
ഇന്‍കം ടാക്‌സ് ബേസ് റേറ്റില്‍ 2 പെന്‍സ് വരെ വര്‍ദ്ധനയ്ക്കാണ് റീവ്‌സ് കോപ്പുകൂട്ടുന്നതെന്നാണ് കരുതുന്നത്. കൂടാതെ മോട്ടോറിസ്റ്റുകളില്‍ നിന്നും പണം പിഴിയാനും ചാന്‍സലര്‍ തയ്യാറാകും.