
















ലേബര്‍ ഗവണ്‍മെന്റിന് കീഴില്‍ കുറ്റവാളികള്‍ ശിക്ഷാ കാലാവധി പോലും തികയ്ക്കാതെ പുറത്തിറങ്ങുമ്പോള്‍ ആശങ്കയിലായി പൊതുജനം. തുറന്ന ജയിലില്‍ നിന്നും വെറുതെ പുറത്തിറങ്ങി നടന്ന് രക്ഷപ്പെട്ട വിദേശ ക്രിമിനലിനെ കുറിച്ചുള്ള വിശേഷമാണ് ഇപ്പോള്‍ ജസ്റ്റിസ് മന്ത്രാലയത്തെ കുരുക്കിലാക്കുന്നത്. ഏറ്റവും വലിയ ദുരവസ്ഥ മറച്ചുപിടിക്കാന്‍ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി ശ്രമിക്കുന്നതായാണ് വിമര്‍ശനം.
മൂന്നാഴ്ച മുന്‍പാണ് എച്ച്എംപി ഫോര്‍ഡില്‍ നിന്നും ഗുരുതര കുറ്റവാളി ഒലാ അബിംബോള രക്ഷപ്പെട്ടത്. മൂന്നാഴ്ച കഴിഞ്ഞിട്ടും ഇയാളുടെ പൊടിപോലും കണ്ടുപിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. വിട്ടയയ്ക്കാന്‍ പാടില്ലാത്ത തടവുകാരെയാണ് ലേബറിന് കീഴില്‍ ഓപ്പണ്‍ ജയിലുകളിലേക്ക് വിട്ടയയ്ക്കുന്നതെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ട്.
ജയിലുകളിലെ വര്‍ദ്ധിച്ച ആള്‍ത്തിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിനിടെയാണ് കൊടുംകുറ്റവാളികള്‍ അനായാസം രക്ഷപ്പെടുന്നത്. തട്ടിക്കൊണ്ടുപോകല്‍ മുതല്‍ ആയുധം കൈവശം വെച്ചതിന് വരെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 21 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയാണ് അബിംബോള. ഇയാളെ പിടികൂടാന്‍ കഴിയാത്തത് പോലീസിനും, ഗവണ്‍മെന്റിനും വലിയ നാണക്കേടായി മാറുകയാണ്.
തുറന്ന ജയിലുകളില്‍ നിന്നും അപകടകാരികളായ കുറ്റവാളികള്‍ സസുഖം പുറത്ത് പോകുന്നതാണ് അവസ്ഥ. ഡേവിഡ് ലാമി ഈ സംഭവങ്ങള്‍ മറച്ചുവെയ്ക്കുകയാണ്. ബ്രിട്ടനിലെ ജനങ്ങളെ അപകടത്തിലാക്കുകയാണ്, ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞു.