
















വെല്‍ഫെയറുകളില്‍ തടിച്ചുകൊഴുത്ത് ജീവിക്കുകയാണ് ബ്രിട്ടനിലെ ഒരു വിഭാഗം ജനങ്ങള്‍. ജോലി അന്വേഷിക്കാന്‍ പോലും മെനക്കെടാതെ ഇവര്‍ നികുതിദായകര്‍ നല്‍കുന്ന പണത്തിന്റെ പങ്കുപറ്റി സസുഖം ജീവിക്കുന്നു. ഇവരെ നിലയ്ക്ക് നിര്‍ത്താനുള്ള ഗവണ്‍മെന്റ് നീക്കങ്ങള്‍ ഫലവത്താകാതെ പോകുകയും ചെയ്യുന്നു. ഇതിന്റെ ഭാരം മുഴുവന്‍ നികുതി ദായകന്റെ തലയിലാണ് എത്തപ്പെടുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പരിശ്രമം ഇപ്പോള്‍ കുപ്പിയിലടച്ച നിലയിലാണ്. ഓരോ വര്‍ഷവും നികുതിദായകന് 700 പൗണ്ട് അധിക ചെലവാണ് ഇതുമൂലം വഹിക്കേണ്ടി വരുന്നതെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പില്‍ പറയുന്നത്.
2030 എത്തുമ്പോള്‍ അസുഖങ്ങളുടെ പേരില്‍ കൈപ്പറ്റുന്ന ബെനഫിറ്റുകളുടെ ബില്‍ 27 ബില്ല്യണ്‍ പൗണ്ടിലേക്ക് കുതിച്ചുയരുമെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വ്യക്തമാക്കി. ഇന്‍കം ടാക്‌സില്‍ 3 പെന്‍സ് കട്ടിംഗ് വരുത്തുന്നതിന് തുല്യമായ തുകയാണ് ഈ വിധത്തില്‍ ആനുകൂല്യത്തിനായി നല്‍കേണ്ടി വരുന്നതെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.
ഇക്കുറി ബജറ്റ് പ്രഖ്യാപനത്തില്‍ റേച്ചല്‍ റീവ്‌സ് 2 പെന്‍സെങ്കിലും ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കാന്‍ ഇരിക്കുമ്പോഴാണ് ഈ കണക്ക് പുറത്തുവരുന്നത്. സമ്മറില്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള മന്ത്രിമാരുടെ ശ്രമങ്ങള്‍ ലേബര്‍ വിമതരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നിരുന്നു. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് മഹാമാരിക്ക് ശേഷം കൈപ്പറ്റുന്നത് 1.3 മില്ല്യണ്‍ ജനങ്ങളാണ്.