
















കായംകുളം കളരിക്കലില്‍ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നവജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 8.30-ഓടെയാണ് സംഭവം. മാതാപിതാക്കളുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. നവജിത്ത് വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ ചോരപുരണ്ട വെട്ടുകത്തിയുമായി നവജിത്ത് വീടിന് പുറത്തു നില്‍ക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണു നടരാജനും സിന്ധുവും രക്തം വാര്‍ന്നുകിടക്കുന്നതു കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ ആംബുലന്‍സില്‍ ഇരുവരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും നടരാജന്റെ ജീവന്‍ രക്ഷിക്കാനായില്ല.
പ്രതിയായ നവജിത്തിനെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.