
















യഥാര്‍ത്ഥത്തില്‍ ഇന്നലെ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണോ, അതോ തങ്ങളുടെ കസേരകള്‍ സംരക്ഷിച്ച് നിര്‍ത്താന്‍ വേണ്ടിയാണോ എന്ന് ആരും സംശയിച്ച് പോകും. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകരായി അവകാശപ്പെടുന്ന ലേബര്‍ ഗവണ്‍മെന്റ് അതേ വിഭാഗങ്ങളില്‍ നിന്നും നികുതി പിടിച്ചുപറിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ റീവ്‌സിന്റെ ചാന്‍സലര്‍ പദവിയും, കീര്‍ സ്റ്റാര്‍മറുടെ പ്രധാനമന്ത്രി പദവുമാണ് തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടത്. അതിന് വഴിയൊരുക്കാനായി ജോലി ചെയ്യാത്ത ജനങ്ങള്‍ക്ക് റെക്കോര്‍ഡ് തോതില്‍ ബെനഫിറ്റുകള്‍ നല്‍കാന്‍ പണം ഒഴുക്കുകയും ചെയ്തു.
ബജറ്റ് സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ചോര്‍ന്നത് ചാന്‍സലര്‍ക്ക് ഷോക്കായി മാറിയെങ്കിലും 26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വേട്ടയെ കുറിച്ച് ഏകദേശ ധാരണ കിട്ടിയതോടെ ജനങ്ങള്‍ക്ക് ആ ഷോക്ക് ഒഴിവായി. ലക്ഷക്കണക്കിന് ജോലിക്കാരെയും, പെന്‍ഷന്‍കാരെയും ബാധിക്കുന്ന തരത്തിലാണ് നികുതി വേട്ട നടപ്പാക്കിയിട്ടുള്ളത്.
എന്നാല്‍ ബെനഫിറ്റ് ബില്‍ 9 ബില്ല്യണ്‍ പൗണ്ട് വര്‍ദ്ധിക്കുമെന്ന് സ്ഥിരീകരിച്ച് കൊണ്ട് 2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് റദ്ദാക്കുകയും ചെയ്തു. ടൂറിസ്റ്റുകളില്‍ നിന്നും നികുതി പിഴിയാനായി ഹോട്ടല്‍, ബി&ബി, ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളില്‍ താമസിക്കുന്നതിന് ചെലവ് ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ സിഗററ്റ്, മദ്യം, മധുരപാനീയങ്ങള്‍, വിമാനയാത്ര എന്നിവയ്ക്കും നികുതി കൂട്ടി.
റീവ്‌സിന്റെ ബജറ്റിന് ശേഷം വിജയം കൈവരിച്ചത് ആരെല്ലാമാണ്?
1) പെട്രോള്‍, ഡീസല്‍ ഡ്രൈവര്‍മാര്‍: തുടര്‍ച്ചയായി 15-ാം വര്‍ഷവും ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്താന്‍ റീവ്‌സ് തയ്യാറായി. കൂടാതെ 2022-ല്‍ ഋഷി സുനാക് പ്രഖ്യാപിച്ച 5 പെന്‍സ് കട്ടും നിലനിര്‍ത്തി. 2026 വരെയാണ് മരവിപ്പിച്ചിരിക്കുന്നത്.
2) എനര്‍ജി ബില്‍: ബില്ലുകള്‍ കുറയ്ക്കാനായി പാക്കേജ് പ്രഖ്യാപിച്ചതോടെ ഏതാനും വര്‍ഷങ്ങളായി അനുഭവിക്കുന്ന ഭാരത്തിന് ഇളവാകും. പുതുവര്‍ഷത്തില്‍ വാര്‍ഷിക ബില്ലുകള്‍ 1758 പൗണ്ടിലേക്ക് വര്‍ദ്ധിക്കാന്‍ ഇരിക്കവെയാണ് ഈ സഹായം.
3) കുറഞ്ഞ വരുമാനക്കാരായ ജോലിക്കാര്‍: മിനിമം വേജ് വര്‍ദ്ധിപ്പിച്ചതോടെയാണ് ഇവര്‍ക്ക് ശമ്പളവര്‍ദ്ധന കൈവരും. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് മണിക്കൂറിന് 12.71 പൗണ്ടിലേക്കാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. 18-20 വയസ്സുകാര്‍ക്ക് 10.85 പൗണ്ട്, 16, 17 വയസ്സുകാര്‍ക്കും അപ്രന്റീസ്ഷിപ്പ് ചെയ്യുന്നവര്‍ക്കും മണിക്കൂറിന് 8 പൗണ്ടായും നിരക്ക് ഉയരും.
4) ബെനഫിറ്റ് നേടുന്നവര്‍: 2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് റദ്ദാക്കിയതോടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന കുടുംബങ്ങള്‍ക്ക് ഉത്തേജനം. 
അതേസമയം റീവ്‌സ് ബജറ്റില്‍ ആരെയെല്ലാം തോല്‍പ്പിച്ചു?
1) ജോലിക്കാര്‍: ഇന്‍കം ടാക്‌സ് വര്‍ദ്ധന ഉപേക്ഷിച്ചെങ്കിലും മറ്റ് വഴികളിലൂടെ ജോലിക്കാരുടെ പോക്കറ്റടിക്കാന്‍ റീവ്‌സ് തയ്യാറായി. 2031 വരെ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇതോടെ ശമ്പളവര്‍ദ്ധനയ്ക്ക് അനുസരിച്ച് കൂടുതല്‍ ഇന്‍കം ടാക്‌സ് ബ്രാക്കറ്റുകളില്‍ ചെന്നുപെടും.
സാലറി സാക്രിഫൈസ് സ്‌കീമിന് പാര പണിതതോടെ പ്രതിവര്‍ഷം 2000 പൗണ്ടിന് മുകളില്‍ നല്‍കുന്ന കോണ്‍ട്രിബ്യൂഷനില്‍ ഫുള്‍ റേറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കണം. 2029 ഏപ്രില്‍ മുതലാണ് ഇതിന് പ്രാബല്യം.
2) പെന്‍ഷന്‍കാര്‍:10 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ കൂടി ഈ ദശകത്തിന്റെ അവസാനത്തില്‍ ഇന്‍കം ടാക്‌സില്‍ പെടും. ടാക്‌സ് പരിധികള്‍ മരവിപ്പിച്ചതാണ് ഇതിന് ഇടയാക്കുന്നത്. വര്‍ഷത്തില്‍ 12,570 പൗണ്ടിന് മുകളിലുള്ള വരുമാനം കിട്ടിയാല്‍ പെന്‍ഷന്‍കാര്‍ക്ക് നികുതി അടയ്‌ക്കേണ്ടി വരും.
3) സേവിംഗ്‌സുകാര്‍: ഐഎസ്എ നികുതിരഹിത പരിധി 20,000 പൗണ്ടില്‍ നിലനിര്‍ത്തിയെങ്കിലും, 12,000 പൗണ്ടാണ് പണമായി എടുക്കാന്‍ കഴിയുക, 8000 പൗണ്ട് നിക്ഷേപം നടത്തണം.
4) മദ്യം, പുകവലി: ടുബാക്കോ ടാക്‌സ് ഉയര്‍ത്തിയതോടെ ഒരു പാക്കറ്റ് സിഗററ്റിന് ഇനി 17.74 പൗണ്ട് വരെ നല്‍കേണ്ടിവരും.
ആല്‍ക്കഹോള്‍ ഡ്യൂട്ടി 3.66% വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഒരു 70സി.എല്‍ ബോട്ടില്‍ ജിന്നിന് 38 പെന്‍സാണ് നിരക്ക് ഉയരുക. ഇതേ അളവിലുള്ള സ്‌കോച്ച് വിസ്‌കിക്ക് 39 പെന്‍സും, റെഡ് വൈന് 13 പെന്‍സും, വൈറ്റ് വൈന് 10 പെന്‍സും നിരക്ക് വര്‍ദ്ധിക്കും.
5) ഇവി ഡ്രൈവര്‍മാര്‍: നല്ലത് ചെയ്താല്‍ നല്ലത് കിട്ടുമെന്ന് കരുതി ഇവി വാങ്ങിയവര്‍ക്ക് പുതിയ റോഡ് ടാക്‌സ് നല്‍കണം. പേ-പെര്‍-മൈല്‍ ടാക്‌സായി 3 പെന്‍സാണ് നല്‍കേണ്ടത്. ഇത് 2028 ഏപ്രില്‍ മുതല്‍ നിലവിലെത്തും.