
















റേച്ചല്‍ റീവ്‌സ് ഉന്നം വെച്ചത് വാടക നിരക്കുകളിലൂടെ വരുമാനം നേടുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിനെയാണെങ്കിലും അതിന്റെ പ്രത്യാഘാതം ചെന്നുകൊണ്ട് ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്ന ജനസമൂഹത്തിനാണ്. രാജ്യത്ത് വാടകയ്ക്ക് താമസിക്കുന്നതിലും ഭേദം ഒരു മോര്‍ട്ട്‌ഗേജ് കരസ്ഥമാക്കി വീട് സ്വന്തമാക്കുന്നതാണ് എന്ന നിലയിലാണ് സ്ഥിതി. താമസിക്കാന്‍ അനുയോജ്യമായ ഒരു വീട് കിട്ടാന്‍ ജനം നെട്ടോട്ടം ഓടുന്നതിനിടയിലാണ് വാടകക്കാര്‍ക്ക് നേരിട്ടല്ലാതെ ബജറ്റില്‍ ഷോക്ക് കിട്ടുന്നത്.
പ്രൈവറ്റ് ലാന്‍ഡ്‌ലോര്‍ഡ്‌സ് കൈക്കലാക്കുന്ന പണത്തില്‍ നിന്നും രണ്ട് ശതമാനം പോയിന്റ് വരുമാനം കൂടി ഖജനാവിലേക്ക് എടുക്കാനാണ് റേച്ചല്‍ റീവ്‌സ് നികുതി ഉയര്‍ത്തിയത്. ഇതോടെ പ്രോപ്പര്‍ട്ടിയുടെ ബേസിക് റേറ്റ് 22 ശതമാനത്തിലേക്കും, ഉയര്‍ന്ന റേറ്റ് 42 ശതമാനത്തിലേക്കും ഉയരും. അഡീഷണല്‍ റേറ്റ് 47 ശതമാനത്തിലെത്തും. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ഇത് ബാധകമാണ്. 
എന്നാല്‍ ഈ നികുതി പിടുങ്ങലിന്റെ പ്രത്യാഘാതം വിപണിയില്‍ അനുഭവപ്പെടുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിപണിയിലെത്തുന്ന റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ എണ്ണം കുറയാന്‍ ഇത് ഇടയാക്കുകയും, ഇതിന്റെ പ്രത്യാഘാതമായി വാടക നിരക്കുകള്‍ ഉയരുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ലാന്‍ഡ്‌ലോര്‍ഡ്‌സിന് ബജറ്റില്‍ കാത്തുവെച്ച ഈ നികുതി വര്‍ദ്ധന രാജ്യത്തെ വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിതമാണ് കൂടുതല്‍ ദുരിതത്തിലാക്കുന്നത്. റെന്റര്‍ പ്രോപ്പര്‍ട്ടികളുടെ സപ്ലൈ കുറയുകയും, ഇത് വാടക നിരക്ക് ഉയരാന്‍ ഇടയാക്കുകയുമാണ് ചെയ്യുക. തങ്ങളുടെ മാര്‍ജിന്‍ നഷ്ടമാകുമ്പോള്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് വിപണിയില്‍ നിന്നും വിടവാങ്ങാന്‍ ശ്രമിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.