
















ബ്രിട്ടനില്‍ പുതുവര്‍ഷം എന്തായാലും മഞ്ഞുമൂടിയ നിലയിലേക്ക് നീങ്ങുകയാണ്. ഒരാഴ്ചയോളം യുകെയില്‍ കടുപ്പമേറിയ ആര്‍ട്ടിക് ഫ്രീസ് തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. പകല്‍ സമയത്ത് പോലും താപനില പൂജ്യം സെല്‍ഷ്യസിന് മുകളില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും, ശനിയാഴ്ചയും മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. 2026 തുടക്കം തന്നെ തണുപ്പിച്ച് കൊണ്ടായിരുന്നു. ഇത് തുടരുകയുമാണ്.
ബുധനാഴ്ച രാത്രി അബെര്‍ദീന്‍ഷയറില്‍ താപനില -10 സെല്‍ഷ്യസ് വരെ താഴ്ന്നു. നോര്‍ത്ത് മേഖലകളില്‍ നിന്നുള്ള തണുത്തുറഞ്ഞ കാറ്റ് കൂടി ചേരുമ്പോള്‍ തണുപ്പ് അധികരിക്കുകയാണ്. രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ക്കായി മെറ്റ് ഓഫീസ് ഇപ്പോള്‍ മഞ്ഞിനും, ഐസിനുമുള്ള കൂടുതല്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആര്‍ട്ടിക് കാറ്റ് യുകെയിലെ ഭൂരിഭാഗം മേഖലയിലും എത്തിയതോടെ വീക്കെന്‍ഡിലേക്കും തണുപ്പ് കാലാവസ്ഥ നീളുമെന്ന് മെറ്റ് പറയുന്നു. 
ആളുകള്‍ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങളും, മുന്നറിയിപ്പുകളും ശ്രദ്ധിച്ച് മുന്‍കൂറായി ഒരുങ്ങി ഇരിക്കണമെന്ന് മെറ്റ് ഓഫീസ് ആവശ്യപ്പെടുന്നു. ഇംഗ്ലണ്ടിന് പുറമെ സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ശനിയാഴ്ച മഞ്ഞിനും, ഐസിനും മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍, ഹംബര്‍, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ ഇത് കവര്‍ ചെയ്യും.
ഇന്‍വേര്‍നെസ്, മോറേ, അബെര്‍ദീന്‍ഷയര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കുള്ള ആംബര്‍ മുന്നറിയിപ്പാണുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 40 സെന്റിമീറ്റര്‍ വരെ മഞ്ഞ് പെയ്യുന്നതിനാല്‍ വാഹനങ്ങള്‍ മഞ്ഞില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. തണുപ്പ് കാലാവസ്ഥാ ഹെല്‍ത്ത് അലേര്‍ട്ട് ഇംഗ്ലണ്ടില്‍ ആംബറിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി.