
















പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത് ഇതിനെയാണോ? അതോ പ്രേമത്തിന്റെ പേരിലാണോ ഇതെല്ലാം അരങ്ങേറിയത്? ഈസ്റ്റ് ലണ്ടനില്‍ ഭാര്യയെ കൊന്ന് കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച് നാടുവിട്ട 24-കാരന്‍ കൊലയാളിയുടെ ജീവിതത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ഈ സംശയങ്ങളിലേക്ക് നയിക്കുന്നത്.
ക്രൂരമായ കൊലപാതകം നടത്തി ഇന്ത്യയിലെത്തിയ പങ്കജ് ലാംബ ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ മുന്‍കാല കാമുകിയ്‌ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. 24-കാരി ഹര്‍ഷിത ബ്രെല്ലയ്ക്കാണ് കൊലയ്ക്ക് ഇരയാകേണ്ടി വന്നത്. എന്നാല്‍ ഈ കൊലപാതകം നടത്തി ഇന്ത്യയിലെത്തിയ ലാംബ തന്റെ മുന്‍ കാമുകി മധു പാണ്ഡെയെ ഫോണില്‍ വിളിച്ച് ഒപ്പം ജീവിക്കാന്‍ തയ്യാറായിരിക്കണമെന്ന് പറയുകയായിരുന്നു. 
കഴിഞ്ഞ നവംബറിലാണ് ഈസ്റ്റ് ലണ്ടനില്‍ ഉപേക്ഷിച്ച കാറിന്റെ ഡിക്കിയില്‍ ബ്രെല്ലയുടെ മൃതദേഹം കണ്ടെത്തുന്നത്. എന്നാല്‍ ഈ സമയം കൊണ്ട് ലാംബ ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ടിരുന്നു. നോര്‍ത്താംപ്ടണ്‍ഷയര്‍ കോര്‍ബിയില്‍ വെച്ച് ഇവരെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഡിക്കിയിലാക്കി ഇല്‍ഫോര്‍ഡില്‍ ഉപേക്ഷിച്ചുവെന്നാണ് പോലീസ് കരുതുന്നത്.
എന്നാല്‍ അടുത്ത ദിവസം ലാംബ ഇന്ത്യയിലേക്ക് വിമാനം പിടിച്ചു. നാട്ടില്‍ മുന്‍ കാമുകിയെയും, ഇവരുടെ കുട്ടിയെയും കണ്ടുമുട്ടിയെന്നും പറയപ്പെടുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന പാണ്ഡെയെ ഒരു സ്പായില്‍ വെച്ചാണ് ഇയാള്‍ പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തന്റെ ഭാര്യയുടെ പണം ഉപയോഗിച്ച് കാമുകിയെ ലാംബ സഹായിച്ചിരുന്നുവെന്നും സൂചനയുണ്ട്.
തന്റെ സഹോദരി വിദ്യാഭ്യാസമുള്ള സെറ്റിലായ വ്യക്തിയായിരുന്നുവെന്ന് ബ്രെല്ലയുടെ സഹോദരി സോമിയ ഡബ്ബാസ് പറയുന്നു. പങ്കജ് ഭാര്യയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ കാമുകിയും ഇതില്‍ നിന്നും പണംപറ്റി. തന്റെ സഹോദരിക്ക് ഇയാളുടെ ഇരട്ട ജീവിതത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സോണിയ വെളിപ്പെടുത്തി.