
















കഴിഞ്ഞ വര്‍ഷം ചെറുബോട്ടുകളില്‍ കയറി ബ്രിട്ടനിലേക്ക് എത്തിയ ആളുകളുടെ എണ്ണം 41,000 കടന്നുവെന്ന് വ്യക്തമായതോടെ കണക്കുകള്‍ നാണക്കേടാണെന്ന് സമ്മതിച്ച് ഹോം ഓഫീസ്. 2025-ല്‍ ചാനല്‍ കടത്തിലൂടെ 41,472 പേര്‍ എത്തിയെന്നാണ് ഗവണ്‍മെന്റ് കണക്ക്. 2022-ലെ 45,774 പേരുടെ റെക്കോര്‍ഡിന് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിത്.
വര്‍ഷം മുഴുവന്‍ റെക്കോര്‍ഡ് തോതിലാണ് ചാനല്‍ കുടിയേറ്റം നടന്നിരുന്നത്. അവസാന രണ്ട് മാസങ്ങളില്‍ കാലാവസ്ഥ മോശമായപ്പോഴാണ് അല്‍പ്പം വേഗത കുറഞ്ഞത്. 2024-ല്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കീര്‍ സ്റ്റാര്‍മര്‍ മനുഷ്യക്കടത്ത് സംഘങ്ങളെ തച്ചുതകര്‍ക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. ഫ്രാന്‍സുമായി 'വണ്‍ ഇന്‍, വണ്‍ ഔട്ട്' സ്‌കീം ആഘോഷമായി പ്രഖ്യാപിക്കുകയും ചെയ്തു. 
ഈ കരാര്‍ ചരിത്രപരമാണെന്ന് ഹോം ഓഫീസ് ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സംഗതി തമാശയായി മാറുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നാടുകടത്തിയതിലും കൂടുതല്‍ ആളുകളെ സ്‌കീം വഴി ബ്രിട്ടന്‍ സ്വീകരിച്ചുവെന്നാണ് കണക്ക്. ചാനല്‍ കടത്ത് വഴി പ്രവേശിച്ച 193 പേരെ യുകെ തിരിച്ചയച്ചപ്പോള്‍ ഈ കാലയളവില്‍ 195 അഭയാര്‍ത്ഥികളെ സ്‌കീമിന്റെ ഭാഗമായി ഫ്രാന്‍സില്‍ നിന്നും ബ്രിട്ടന്‍ സ്വീകരിക്കുകയായിരുന്നു.
ഫ്രാന്‍സിലേക്ക് തിരിച്ച് അയയ്ക്കുന്നത് ആളുകളെ യാത്രയില്‍ നിന്നും പിന്തിരിപ്പിക്കുമെന്നായിരുന്നു മന്ത്രിമാരുടെ പ്രതീക്ഷ. എന്നാല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചാനല്‍ കുടിയേറ്റമാണ് ഇക്കുറി അരങ്ങേറിയത്. അനധികൃതമായി എത്തിയ 50,000 പേരെയെങ്കിലും നാടകടത്താന്‍ ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ടെന്നാണ് ഹോം ഓഫീസ് വക്താവിന്റെ പ്രതികരണം.