
















ഈയാഴ്ച യുകെയുടെ സൗത്ത് മേഖലകളില്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുമെന്ന് ഉറപ്പായതോടെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പഠനദിനങ്ങള്‍ക്ക് സാരമായ തടസ്സം നേരിടുമെന്ന് സ്ഥിരീകരണം. തിങ്കളാഴ്ച നോര്‍ത്ത് ഇംഗ്ലണ്ടിലും, വെയില്‍സിലെ ചില ഭാഗങ്ങളിലും നൂറുകണക്കിന് സ്‌കൂളുകള്‍ തണുപ്പ് കാലാവസ്ഥയെ തുടര്‍ന്ന് അടച്ചിരുന്നു. താപനില -10 സെല്‍ഷ്യസ് വരെ താഴാന്‍ തുടങ്ങിയതോടെ ഇത് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്.
ആര്‍ട്ടിക് കാലാവസ്ഥ മൂന്നാം ദിനത്തിലേക്ക് കടന്നതോടെ ഈസ്റ്റ് ഇംഗ്ലണ്ടിലും മഞ്ഞുവീഴ്ചയ്ക്കുള്ള മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ വന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇവിടെ മഞ്ഞ് വീണുതുടങ്ങുക. വ്യാഴം, വെള്ളി ദിവസങ്ങളിലായി താഴ്ന്ന പ്രഷര്‍ സിസ്റ്റം രാജ്യത്ത് ശൈത്യകാല സ്ഥിതിഗതികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. 
ഇതോടെ ശക്തമായ കാറ്റും, അതിശക്തമായ മഴയും, മഞ്ഞുമാണ് രാജ്യത്ത് അനുഭവപ്പെടുക. വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് യുകെയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന മഞ്ഞുവീഴ്ചയ്ക്ക് 50 ശതമാനം ചാന്‍സാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. രാജ്യത്തിന്റെ സൗത്ത് മേഖലകളില്‍ 30 ശതമാനം സാധ്യതയും കല്‍പ്പിക്കുന്നു.
അതേസമയം യുകെയുടെ മറ്റ് ചില ഭാഗങ്ങളില്‍ താപനില മെച്ചപ്പെടും. ലണ്ടനിലും, ബ്രിസ്റ്റോളിലും ഉള്‍പ്പെടെ താപനില 11 സെല്‍ഷ്യസിന് മുകളിലെത്തും. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ ആംബര്‍ കോള്‍ഡ് ഹെല്‍ത്ത് അലേര്‍ട്ട് വെള്ളിയാഴ്ച വരെയാണ് നിലവിലുള്ളത്.
നിലവില്‍ സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങള്‍ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ മുന്നറിയിപ്പിലാണുള്ളത്. ഈസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് വെയില്‍സ്, ഡിവോണ്‍, കോണ്‍വാള്‍ എന്നിവിടങ്ങളിലും മുന്നറിയിപ്പ് നിലവിലുണ്ട്.