
















ഓണ്‍ലൈനില്‍ കുടിയേറ്റ വിരുദ്ധ പോസ്റ്റുകള്‍ പങ്കുവെച്ച അവാര്‍ഡ് ജേതാവായ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി. ബ്രിട്ടനിലെത്തുന്ന 'വിദേശികള്‍' ഒടുവില്‍ നാടിനെ ഭരിക്കുന്ന സ്ഥിതി വരുമെന്ന മുന്നറിയിപ്പാണ് നഴ്‌സിന് വിനയായത്.
കുടിയേറ്റക്കാരെ മോശക്കാരാക്കുന്ന, മുസ്ലീങ്ങളെ കുറ്റക്കാരാക്കുന്ന നിരവധി പോസ്റ്റുകള്‍ ഇവര്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ പേരിലാണ് ഡിസിപ്ലിനറി പാനല്‍ റോബര്‍ട്ടാ ബാച്ചിലറുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ലേബര്‍ ഗവണ്‍മെന്റ് വിന്റര്‍ ഫ്യൂവല്‍ അലവന്‍സ് റദ്ദാക്കിയതിലെ രോഷവും, രാജ്യത്ത് തുടരുന്ന അശാന്തിയും ചേര്‍ന്നപ്പോള്‍ പങ്കുവെച്ച പോസ്റ്റുകളാണെന്നായിരുന്നു നഴ്‌സിന്റെ വാദം.
എന്നാല്‍ ഈ കുറിപ്പുകള്‍ 40 വര്‍ഷക്കാലം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനത്തിന്റെ അന്ത്യം കുറിച്ചു. ക്ലീനറായി തുടങ്ങി വാര്‍ഡ് മാനേജ് ചെയ്യുന്നതില്‍ വരെ പടിപടിയായി എത്തിയ വ്യക്തിയാണ് ബാച്ചിലര്‍. 2015-ല്‍ ബര്‍മിംഗ്ഹാമിലെ 'പ്രൈഡ് ഓഫ് നഴ്‌സിംഗ്' അവാര്‍ഡും നേടിയിരുന്നു. 
2024 ആഗസ്റ്റ് മുതലാണ് ബാച്ചിലര്‍ കുടിയേറ്റ വിരുദ്ധ പോസ്റ്റുകള്‍ ആരംഭിച്ചതെന്ന് നഴ്‌സിംഗ് & മിഡ്‌വൈഫറി ഹിയറിംഗില്‍ വ്യക്തമായി. അറബ് പുരുഷന്‍മാര്‍ ഒരു കുട്ടിയെ കത്തിയുമായി ഓടിച്ചിടുന്ന ചിത്രവും ഇവര്‍ പങ്കുവെച്ചു. 'അടുത്ത തവണ നികുതി നല്‍കുമ്പോള്‍ നിങ്ങളുടെ കുറച്ച് പണം പള്ളികളുടെ സംരക്ഷണത്തിനാണ് നല്‍കുന്നതെന്ന് ഓര്‍മ്മിക്കണം', ബാച്ചിലര്‍ പോസ്റ്റില്‍ കുറിച്ചു.
വിദേശികള്‍ നിങ്ങളുടെ ഭൂമിയിലെത്തുമ്പോള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും, ഒടുവില്‍ നിങ്ങള്‍ക്ക് അത് നഷ്ടമാകും, മറ്റൊരു പോസ്റ്റില്‍ എന്‍എച്ച്എസ് നഴ്‌സ് വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയിലെ ഈ കുടിയേറ്റ വിരുദ്ധത ശ്രദ്ധിച്ച പൊതുജനങ്ങളില്‍ ഒരാളാണ് ട്രസ്റ്റിന് പരാതി നല്‍കിയത്. വംശീയ വിരുദ്ധതയുള്ള പോസ്റ്റുകളാണെന്നായിരുന്നു ആരോപണം. ഇതോടെയാണ് അന്വേഷണം ആരംഭിച്ചതും മുസ്ലീങ്ങളെയും, കുടിയേറ്റക്കാരെയും ലക്ഷ്യം വെയ്ക്കുന്നതായും സ്ഥിരീകരിച്ചത്. ഇതില്‍ നഴ്‌സ് മാപ്പ് പറയുകയും ചെയ്തു.
എന്നാല്‍ ഖേദപ്രകടനം പരിഹരിക്കാതെ എന്‍എംസി കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ഒരു രജിസ്റ്റേഡ് നഴ്‌സിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാത്ത നടപടിയാണ് ബാച്ചിലര്‍ ചെയ്തതെന്ന് ചൂണ്ടിക്കാണിച്ചാണ് പുറത്താക്കല്‍ നടപടി.