
















ഒരു പിന്റ് കുടിച്ച ശേഷം വാഹനം ഓടിക്കുന്നതൊന്നും വലിയ പ്രശ്‌നമല്ലെന്ന ഇളവുകള്‍ക്ക് അന്ത്യമാകുന്നു. ചെറിയ തോതില്‍ പോലും മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാക്കി മാറ്റാനാണ് ലേബര്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള മദ്യപിച്ച് വാഹനം ഉപയോഗിക്കുന്നതിനുള്ള പരിധി വെട്ടിക്കുറയ്ക്കാനാണ് നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നത്.
റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി 100 എംഎല്‍ ശ്വാസത്തില്‍ 35 മൈക്രോഗ്രാം ആല്‍ക്കഹോള്‍ എന്നത് 22 മൈക്രോഗ്രാമായി കുറയ്ക്കാനാണ് ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷന്‍ നടത്തുന്നത്. സ്‌കോട്ട്‌ലണ്ടില്‍ ഈ വിധത്തിലാണ് മദ്യപരിധി.
ഇത് നടപ്പിലായാല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് ഉപയോഗിക്കുന്നത് പോലും ചില ഡ്രൈവര്‍മാര്‍ക്ക് വിനയാകും. പ്രത്യേകിച്ച് സ്ത്രീകളിലും, ചെറിയ ആളുകളിലും ആല്‍ക്കഹോള്‍ പ്രൊസസ് ചെയ്യുന്നതിന്റെ വേഗത വ്യത്യസ്തമാണ്. 
എന്നാല്‍ മദ്യപിച്ച് വാഹനം ഉപയോഗിക്കുന്ന പരിധിയില്‍ എന്ത് കുറവ് വരുത്തിയാലും അത് പബ്ബുകള്‍ക്ക് തിരിച്ചടിയാകും. റേച്ചല്‍ റീവ്‌സിന്റെ നവംബര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബിസിനസ്സ് നിരക്ക് വര്‍ദ്ധനവുകള്‍ പബ്ബുകളെ അടച്ചുപൂട്ടലിന്റെ വക്കിലാണ് എത്തിച്ചത്.
അതേസമയം സ്‌കോട്ട്‌ലണ്ടില്‍ പരിധി കുറച്ചത് കൊണ്ട് അപകടങ്ങള്‍ കുറയുന്ന സ്ഥിതി ഉണ്ടായില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്‌സിലെ ക്രിസ് സ്‌നോഡന്‍ പറഞ്ഞു. 2023-ലെ കണക്കുകള്‍ പ്രകാരം ആറിലൊന്ന് റോഡ് അപകടങ്ങള്‍ മദ്യപിച്ചുള്ള ഡ്രൈവിംഗുമായി ബന്ധമുള്ളവയാണ്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ പരിധി യൂറോപ്പിലെ ഏറ്റവും ഉയര്‍ന്നതുമാണ്.
70 വയസ്സിന് മുകളിലുള്ളവര്‍ കാഴ്ചയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നത് സ്വയം റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനും നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. സഹയാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഡ്രൈവര്‍ക്ക് പെനാല്‍റ്റി പോയിന്റ് നല്‍കും.