
















യുകെയില്‍ അതിശക്തമായ തോതില്‍ മഞ്ഞുവീഴ്ച തുടരുമെന്ന് മെറ്റ് ഓഫീസ്. കൂടാതെ വീക്കെന്‍ഡില്‍ യുകെയുടെ പല ഭാഗങ്ങളും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെടുന്ന സാഹചര്യം നേരിടുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഫ്രീസിംഗ് താപനിലയ്ക്ക് മുകളിലേക്ക് കയറാന്‍ കാലാവസ്ഥ ബുദ്ധിമുട്ടുമ്പോള്‍ ആഘോഷ സീസണ്‍ കഴിഞ്ഞ് സ്‌കൂളിലും, ജോലിയിലും തിരികെ എത്തുന്നവര്‍ ബുദ്ധിമുട്ടും. യാത്രാക്ലേശവും സാരമായി നേരിടും. തിങ്കളാഴ്ച യുകെയുടെ പല ഭാഗത്തായി മഞ്ഞ്, ഐസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങളില്‍ ശൈത്യകാല സാഹചര്യങ്ങള്‍ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇംഗ്ലണ്ടും, വെയില്‍സും ശനിയാഴ്ച അനുഭവിച്ചത്. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ ബെന്‍സണില്‍ താപനില -9.3 സെല്‍ഷ്യസ് വരെ താഴ്ന്നപ്പോള്‍, പോവിസിലെ സെന്നിബ്രിഡ്ജില്‍ -7.3 സെല്‍ഷ്യസും രേഖപ്പെടുത്തി. ഞായറാഴ്ച നാല് ആംബര്‍ മുന്നറിയിപ്പുകളാണ് സ്‌കോട്ട്‌ലണ്ടില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 10 വരെയാണ് ഇതിന് പ്രാബല്യമുള്ളത്. 
ശക്തമായ മഞ്ഞ് വീഴുന്നതിനാല്‍ റെയില്‍, വ്യോമ ഗതാഗതം ബാധിക്കപ്പെടുമെന്നാണ് സൂചന. പവര്‍കട്ടിനും സാധ്യതയുണ്ട്. നോര്‍ത്ത് സ്‌കോട്ട്‌ലണ്ടിലെ പല റോഡുകളിലും യാത്ര അസാധ്യമായി മാറിയിട്ടുണ്ട്. വീക്കെന്‍ഡില്‍ പല ഭാഗത്തും ആളുകള്‍ വാഹനം ഉപേക്ഷിക്കേണ്ട അവസ്ഥയും നേരിട്ടു. 20 ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പലയിടത്തും അനുഭവപ്പെട്ടത്.
വെയില്‍സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞിനും, ഐസിനുമുള്ള വ്യത്യസ്ത മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഈസ്റ്റ് തീരങ്ങളില്‍ ഐസിനുള്ള മഞ്ഞ മുന്നറിയിപ്പാണുള്ളത്. സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്ത് മേഖലകളില്‍ തിങ്കളാഴ്ച രാത്രി വരെ മഞ്ഞിനും, ഐസിനും മഞ്ഞ ജാഗ്രത നല്‍കി. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച ആംബര്‍ കോള്‍ഡ് ഹെല്‍ത്ത് അലേര്‍ട്ട് ചൊവ്വാഴ്ച വരെ ഇംഗ്ലണ്ടില്‍ ബാധകമാണ്.