
















ന്യൂ ഇയര്‍ തുടങ്ങിയത് മുതല്‍ യുകെയില്‍ ആര്‍ട്ടിക് തണുപ്പ് കൊണ്ടുപിടിച്ച് പടരുകയാണ്. ഇപ്പോള്‍ യുകെയിലെ പല ഭാഗങ്ങളിലും മഞ്ഞിനും, ഐസിനുമുള്ള മുന്നറിയിപ്പുകള്‍ തുടരുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ യാത്രാ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ശക്തമായ മഞ്ഞുവീഴ്ചയ്ക്കും, തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ യാത്രക്കാരെ ഇത് സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. വീക്കെന്‍ഡ് കടന്നും കാലതാമസങ്ങളും, റദ്ദാക്കലുകളും തുടരുമെന്ന് അറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച നോര്‍ത്ത് സ്‌കോട്ട്‌ലണ്ടില്‍ നിരവധി ട്രെയിനുകളാണ് സ്‌കോട്ട് റെയില്‍ റദ്ദാക്കിയത്. മേഖലയിലെ പല റോഡുകളും അടഞ്ഞുകിടക്കുകയാണ്. 
സ്‌കോട്ട്‌ലണ്ടിനും, ഗ്ലാസ്‌ഗോയ്ക്കും മുകളിലുള്ള സ്‌കോട്ട്‌ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ മുന്നറിയിപ്പാണ്. തിങ്കളാഴ്ച രാത്രി 12 വരെ ഇത് തുടരും. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സമാനമാണ് സ്ഥിതി. വെയില്‍സിലെ ഭൂരിഭാഗം മേഖലകളും മഞ്ഞ ഐസ് മുന്നറിയിപ്പിലാണ്. സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട് വരും ദിവസങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ച നേരിടും.
ഇതിനിടെ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൊടുങ്കാറ്റ് നേരിടുന്ന കടലില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ മരിച്ചു. ബീച്ചിലേക്ക് അടിച്ച തിരയില്‍ പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയുടെയും, ഒരു വഴിയാത്രക്കാരന്റെയും മൃതദേഹങ്ങളാണ് യോര്‍ക്ക്ഷയര്‍ വിതേണ്‍സീയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. 15-കാരിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.