
















യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിര്‍ത്തികള്‍ കടന്ന് രാജ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യൂറോപ്പില്‍ ആശങ്ക. യുഎസ് സൈന്യത്തെ ഇറക്കി ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ തയ്യാറാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതോടെയാണ് യൂറോപ്യന്‍ നേതാക്കള്‍ സ്വരം മാറ്റുന്നത്. നാറ്റോ അതിര്‍ത്തിയില്‍ ഏതെങ്കിലും കടന്നുകയറ്റമുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണി ഉള്‍പ്പെടെ നേതാക്കള്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ യൂറോപ്യന്‍ നേതാക്കള്‍ പ്രഖ്യാപിച്ചു.
ഗ്രീന്‍ലാന്‍ഡിലെ ധാതുശേഖരം കണ്ടാണ് ട്രംപിന്റെ ഈ നീക്കം. എന്നാല്‍ നാറ്റോ സഖ്യകക്ഷിയില്‍ പെട്ട ഡെന്‍മാര്‍ക്കിന് എതിരായ നീക്കമുണ്ടായാല്‍ യൂറോപ്പിന് യുഎസിന് എതിരെ തിരിയേണ്ടി വരുമെന്ന നിലയാണ്. ഡാനിഷ് അതിര്‍ത്തിയിലെ ഗ്രീന്‍ലാന്‍ഡ് വില കൊടുത്ത് വാങ്ങുകയോ, അതിന്റെ പ്രതിരോധം ഏറ്റെടുക്കുകയോ ചെയ്യാനുള്ള പദ്ധതികളാണ് ട്രംപും, കൂട്ടാളികളും ആലോചിക്കുന്നതെന്നാണ് സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഒഫീഷ്യല്‍ വെളിപ്പെടുത്തുന്നത്. 
യുഎസ് സൈന്യത്തെ ഉപയോഗിക്കുന്നത് എപ്പോഴും ഒരു ഓപ്ഷനായിരിക്കുമെന്ന് വൈറ്റ് ഹൗസും പറഞ്ഞു. നാറ്റോ നേതാക്കള്‍ നടത്തുന്ന പ്രതിഷേധമൊന്നും വകവെയ്ക്കാതെ വിഷയത്തില്‍ മുന്നോട്ട് പോകുകയാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഈ പ്രസ്താവന അമേരിക്കയുടെ നാറ്റോ സഖ്യകക്ഷികളെ ഞെട്ടിക്കുകയാണ് ചെയ്തത്. ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ സഖ്യകക്ഷികള്‍ ഡെന്‍മാര്‍ക്കിന് പിന്നില്‍ അണിനിരക്കുകയാണ്.
വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ശേഷമാണ് ട്രംപ് അടുത്ത ലക്ഷ്യം വെയ്ക്കുന്നത്. ഇതോടെയാണ് യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ ഏഴ് രാജ്യങ്ങളുടെ നേതാക്കള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഗ്രീന്‍ലാന്‍ഡിനെ പ്രതിരോധിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് ഇവര്‍ വ്യക്തമാക്കി.
അതേസമയം അമേരിക്ക 'അവശ്യ പങ്കാളിയാണെന്ന്' പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു. യുഎസും, ഡെന്‍മാര്‍ക്കും 1951-ല്‍ ഒപ്പുവെച്ച ഡിഫന്‍സ് കരാറിനെയും പ്രസ്താവന ചൂണ്ടിക്കാണിച്ചു. 'ഗ്രീന്‍ലാന്‍ഡ് അവിടുത്തെ ജനങ്ങളുടേതാണ്. അതിന്റെ കാര്യങ്ങള്‍ ഡെന്‍മാര്‍ക്കും, ഗ്രീന്‍ലാന്‍ഡുമാണ് നിശ്ചയിക്കേണ്ടത്', പ്രസ്താവന വ്യക്തമാക്കി. വെനസ്വേലന്‍ നീക്കത്തോടെ ട്രംപിനെ കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ നേതാക്കളും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ നേരിട്ട് എതിര്‍ത്ത് തങ്ങളും ശത്രുതാ പട്ടികയില്‍ പെടാതെ നോക്കേണ്ട അവസ്ഥയും ഇവര്‍ക്കുണ്ട്.