
















സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് യുഎസ് സൈന്യം കസ്റ്റഡിയിലെടുത്ത വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും, ഭാര്യയെയും ന്യൂയോര്‍ക്കില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എഫ്ബിഐ ഏജന്റുമാര്‍ ഇവരെ ന്യൂയോര്‍ക്കിലെ സ്റ്റുവാര്‍ട്ട് എയര്‍ നാഷണല്‍ ഗാര്‍ഡ് ബേസില്‍ ഇറക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മയക്കുമരുന്ന് ഭീകരവാദം, ആയുധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തിയാകും മഡുറോയ്ക്കും, ഭാര്യക്കും എതിരെ യുഎസില്‍ നിയമനടപടി ഉണ്ടാവുക. മാന്‍ഹാട്ടണിലെ ഫെഡറല്‍ കോടതിയില്‍ ഇവരെ ഹാജരാക്കുമെന്നാണ് വിവരം. യുഎസ് സൈന്യത്തിന്റെ എലൈറ്റ് സ്‌പെഷ്യല്‍ മിഷന്‍ യൂണിറ്റാണ് ശനിയാഴ്ച പുലര്‍ച്ചെ മഡുറോയെയും, ഫസ്റ്റ് ലേഡിയെയും കസ്റ്റഡിയിലെടുത്ത അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. 
കാരാക്കാസിലെ സൈനിക കേന്ദ്രത്തില്‍ തങ്ങുകയായിരുന്ന പ്രസിഡന്റിനെയും ഭാര്യയെയും കിടപ്പ് മുറിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. യുഎസ്എസ് ഇവോ ജിമയില്‍ കണ്ണുകെട്ടിയ നിലയില്‍ ഇരുത്തിയ മഡുറോയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
അതേസമയം വെനസ്വേലയിലെ അമേരിക്കന്‍ അക്രമത്തില്‍ ബ്രിട്ടന്‍ കണ്ണീര്‍ പൊഴിക്കില്ലെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയിലെ ഇടത് പക്ഷത്തിന്റെ ചങ്ക് തകര്‍ക്കുന്ന കാര്യമാണെങ്കിലും യുഎസ് പ്രസിഡന്റ് ട്രംപിനെ പിണക്കാന്‍ കഴിയാത്തത് മൂലമാണ് സ്റ്റാര്‍മര്‍ ഈ നിലപാട് എടുക്കാന്‍ നിര്‍ബന്ധിതനായത്.