CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 38 Minutes 31 Seconds Ago
Breaking Now

ആവേശക്കടലായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി 'ട്വന്റി-ട്വന്റി' ആഘോഷം; മെഹര്‍ സെന്ററില്‍ ചരിത്രം കുറിച്ച് മലയാളി മഹാസംഗമം

ലെസ്റ്റര്‍: യുകെയിലെ മലയാളി അസോസിയേഷനുകളില്‍ പ്രൗഢി കൊണ്ടും സംഘാടകമികവ് കൊണ്ടും ഒന്നാം നിരയിലുള്ള ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ (LKC) ഇരുപതാം വാര്‍ഷികാഘോഷം 'ട്വന്റി-ട്വന്റി: ഒരുമയുടെ പെരുമയുടെ ഇരുപത് വര്‍ഷങ്ങള്‍' മെഹര്‍ സെന്ററില്‍ അതിഗംഭീരമായി അരങ്ങേറി. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ ചടങ്ങ് ഉച്ചയ്ക്ക് കൃത്യം 1:00-ന് വിസ്മയകരമായ ഓപ്പണിംഗ് ഷോയോടു കൂടി ആരംഭിച്ച് ആവേശത്തിന്റെ കൊടുമുടി പകര്‍ന്ന് അര്‍ദ്ധരാത്രി വരെ നീണ്ടുനിന്നു. 2005-ല്‍ വളരെ ചുരുങ്ങിയ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച്, ഇന്ന് യുകെ മലയാളി സമൂഹത്തിലെ അവിഭാജ്യ സംഘടനയായി മാറിയ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ (LKC) ഇരുപതാം വാര്‍ഷികാഘോഷത്തില്‍ പ്രശസ്ത സിനിമ താരം ശങ്കര്‍, യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റിയന്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തിയതോടെ വേദി താരപ്പൊലിമയിലായി. യുക്മ ദേശീയ കമ്മിറ്റി അംഗം ശ്രീ. ഡിക്‌സ് ജോര്‍ജ്, യുക്മ റീജിയണല്‍ പ്രസിഡന്റ് ശ്രീ. ജോബി പുതുക്കുളങ്ങര, വിവിധ തമിഴ് കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുന്‍ വര്‍ഷങ്ങളിലെ സാരഥികളെ ചടങ്ങില്‍ ആദരിച്ചു.

വിസ്മയമായി 'നക്ഷത്ര ഗീതം 2026' മെഗാഷോയും RJ THE BAND ലൈവ് മ്യൂസിക് ഷോയും:

പ്രശസ്ത പിന്നണി ഗായകനും കീറ്റാറിസ്റ്റുമായ ഷിനോ പോള്‍, മെന്റലിസ്റ്റും മജീഷ്യനുമായ വില്‍സണ്‍ ചമ്പക്കുളം, ചലച്ചിത്ര താരം അനു ജോസഫ് എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച 'നക്ഷത്ര ഗീതം 2026' മെഗാഷോയോടെയാണ് ഇരുപതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശേഷം രാത്രി വൈകുവോളം നീണ്ടുനിന്ന ആഘോഷത്തില്‍ രഞ്ജിനി ജോസും ശ്രീനാഥ് ശിവശങ്കരനും നയിച്ച അഞ്ചുപേരടങ്ങുന്ന ലൈവ് ബാന്‍ഡ് സംഗീതം കാണികളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. ഗാനമേള എന്ന സ്ഥിരം ശൈലിയില്‍ നിന്നും 'RJ THE BAND' എന്ന വേറിട്ട കോണ്‍സെപ്റ്റിലേക്ക് ചുവടുമാറ്റിയ രഞ്ജിനി ജോസ് തന്റെ ബാന്‍ഡുമായി വിദേശത്ത് നടത്തുന്ന ആദ്യ ലൈവ് ഷോ എന്ന സവിശേഷതയും ഈ ഇരുപതാം വാര്‍ഷികാഘോഷത്തിനുണ്ടായിരുന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഈ ഒരൊറ്റ പരിപാടിക്ക് വേണ്ടി മാത്രമായി എല്‍.കെ.സി നേരിട്ട് സ്‌പോണ്‍സര്‍ ചെയ്താണ് രഞ്ജിനിയുടെ അഞ്ചംഗ ബാന്‍ഡിനെ നാട്ടില്‍ നിന്നും യുകെയില്‍ എത്തിച്ചത്. ഇരുപത് വര്‍ഷത്തിലേറെയായി നിരവധി ചിത്രങ്ങളില്‍ പിന്നണി പാടിയും 'മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍' ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചും സംഗീത-സിനിമ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് രഞ്ജിനി ജോസ്. പ്രശസ്തിയുടെ കൊടുമുടിയിലും എളിമ നിലനിര്‍ത്തുന്ന രഞ്ജിനിക്കൊപ്പം, ഐഡിയ സ്റ്റാര്‍ സിംഗര്‍ റണ്ണറപ്പും പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീനാഥ് ശിവശങ്കരന്‍ കൂടി ചേര്‍ന്നപ്പോള്‍ മാസ്മരിക പെര്‍ഫോമന്‍സ് സമയപരിധികള്‍ പോലും വിസ്മൃതിയിലാഴ്ത്തി. 'ഒരു കുട്ടനാടന്‍ ബ്ലോഗ്' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായും ശ്രദ്ധേയനായ ശ്രീനാഥ് തന്റെ പ്രസന്നമായ അവതരണത്തിലൂടെ കാണികളെ കയ്യിലെടുത്തു. ഇവര്‍ക്കൊപ്പം 'വാഴ', 'ഗുരുവായൂര്‍ അമ്പല നടയില്‍' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ഫ്‌ലൂട്ടിസ്റ്റ് സുബിന്‍ ജേഴ്‌സണ്‍, രാജ്യാന്തര ജാസ് ഫെസ്റ്റിവലുകളില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുള്ള ഡ്രമ്മര്‍ അരുണ്‍രൂപ്, വിവിധ സംഗീത ശൈലികളില്‍ പ്രാവീണ്യമുള്ള ബാസിസ്റ്റ് ലെസ്ലി റോഡ്രിഗസ്, ലീഡ് ഗിറ്റാറിസ്റ്റ് ബെവന്‍ കോറയ, ചാള്‍സ് (കീബോര്‍ഡിസ്റ്റ്), സൗണ്ട് എന്‍ജിനീയര്‍ നിജിത്ത് എന്നിവരായിരുന്നു അണിനിരന്നത്. തമിഴ് കൂത്ത് പാട്ടുകളും ഫാസ്റ്റ് നമ്പറുകളും ഹൃദ്യമായ മെലഡികളുമായി അവര്‍ മണിക്കൂറുകളോളം കാണികളെ വിസ്മയിപ്പിച്ചു.

പ്രൗഢഗംഭീരമായ പൊതുസമ്മേളനം:

പ്രസിഡന്റ് അജീഷ് കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന് സെക്രട്ടറി സ്മൃതി രാജീവ് സ്വാഗതം ആശംസിച്ചു. ജനറല്‍ കണ്‍വീനര്‍ രമേശ് ബാബു സംഘടനയുടെ നാള്‍വഴികളെക്കുറിച്ച് സംസാരിക്കുകയും മുന്നോട്ടും ഇതേ ഒത്തൊരുമയോടെ പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.മുഖ്യാതിഥിയായ സിനിമാതാരം ശങ്കര്‍ തന്റെ ഭാര്യ ചിത്ര ലക്ഷ്മിക്ക് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുമായുള്ള ആത്മബന്ധവും ഈ നഗരത്തോടുള്ള തന്റെ പ്രിയവും പങ്കുവെച്ചു. മറ്റൊരു മുഖ്യാതിഥിയായ യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റിയന്‍, യുക്മയുടെ രൂപീകരണത്തില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിക്കുള്ള ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത് സദസ്സില്‍ വലിയ കൈയടികള്‍ക്ക് കാരണമായി. സംഘടനയുടെ ഇരുപത് വര്‍ഷത്തെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മുന്‍ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ഖജാന്‍ജിമാരെയും വേദിയില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് അനീഷ് ജോണ്‍ ഇവരെ വേദിയിലേക്ക് ആനയിച്ചു. മുന്‍കാല സാരഥികളുടെ ഒത്തുചേരലും ഫോട്ടോ സെഷനും ചടങ്ങിലെ വൈകാരികമായ നിമിഷങ്ങളിലൊന്നായി.

നൂറുകണക്കിന് അംഗങ്ങളുടെ അകമ്പടിയോടെ ഇരുചക്ര വാഹനത്തില്‍ സാന്താക്ലോസുമാരായി ജോമോനും ജെയ്സണും വേദിയിലേക്ക് എത്തിയത് ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം പകര്‍ന്നു. ചരിത്രവും നര്‍മ്മവും ചാലിച്ചവതരിപ്പിച്ച പ്രസംഗത്തിലൂടെ ഇവര്‍ ഏവരുടെയും കൈയ്യടി നേടി. വിശിഷ്ടാതിഥികളോടൊപ്പം ചേര്‍ന്ന് കേക്ക് മുറിച്ച് ഇവര്‍ ക്രിസ്മസ് സ്‌നേഹം പങ്കുവെച്ചു. കേരള മുഖ്യമന്ത്രി, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ രാഹുല്‍ ഗാന്ധി, സുരേഷ് ഗോപി, ശശി തരൂര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ ഇരുപതാം വാര്‍ഷികത്തിന് നല്‍കിയ ആശംസ സന്ദേശങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

കമ്മ്യൂണിറ്റി അംഗങ്ങളുടെ സര്‍ഗ്ഗാത്മകത വിളിച്ചോതുന്ന വിവിധ കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ 'സൃഷ്ടി' എന്ന ഡിജിറ്റല്‍ മാഗസിന്‍ യുക്മ പ്രസിഡന്റ് ശ്രീ. എബി സെബാസ്റ്റ്യന്‍ പ്രകാശനം ചെയ്തു. പ്രജീഷ് സി. തിലക് ആണ് ഈ മാഗസിന്‍ ഡിസൈന്‍ ചെയ്തത്. സംഘടനയുടെ ഡിജിറ്റല്‍ മുഖമായി മാറിയ LKC മൊബൈല്‍ ആപ്പിന്റെയും, പ്രധാന സപ്പോര്‍ട്ടറായ സ്വര്‍ണ്ണം നല്ലെണ്ണ ഗ്രൂപ്പിന്റെ 'സ്വര്‍ണ്ണം ഫ്രോസണ്‍ ഫുഡിന്റെയും' ഉദ്ഘാടനം ശങ്കര്‍ നിര്‍വ്വഹിച്ചു. മൊബൈല്‍ ആപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ മീഡിയ ടീം കോര്‍ഡിനേറ്റര്‍ അഭിലാഷ് സുരേശനെയും ഡിജിറ്റല്‍ മാഗസിന്‍ തയ്യാറാക്കിയ പ്രജീഷ് തിലകിനെയും ചടങ്ങില്‍ ആദരിച്ചു.

മനം കവര്‍ന്ന് കലാപരിപാടികള്‍:

ആഘോഷങ്ങളുടെ ഹൃദയമിടിപ്പായത് LKC അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വര്‍ണ്ണാഭമായ കലാപരിപാടികളാണ്. കണ്ണെടുക്കാന്‍ കഴിയാത്ത വിധം അത്യുഗ്രന്‍ പ്രകടനങ്ങളാണ് കലാമത്സര വിജയികള്‍ സ്റ്റേജില്‍ അണിയിച്ചൊരുക്കിയത്. വൈകിട്ട് 6:00 മണി വരെ നീണ്ടുനിന്ന ഈ കലാവിരുന്നിന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ അജയ് പെരുമ്പലത്ത്, ചന്ദന സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ അക്ഷീണ പരിശ്രമത്തിന് തിളക്കം കൂട്ടി. പരിപാടികള്‍ ഏകോപിപ്പിച്ച അധ്യാപകരെയും ഡാന്‍സ് സ്‌കൂളുകളായ കലാകേന്ദ്ര (ചന്ദന സുരേഷ്), ലാസ്യ കലാകേന്ദ്ര (ഗീതു ശ്രീജിത്ത്), ദേവകല ഡാന്‍സ് അക്കാദമി (നീരജ കലേഷ്), നൃത്യതി (അഷിത) എന്നിവരെയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. ലെസ്റ്റര്‍ ഐക്കണ്‍സ് ക്രിക്കറ്റ് ക്ലബ്ബ് അംഗങ്ങളുടെ പ്രകടനം വേറിട്ടുനിന്നു. മനോഹരമായ അവതരണ ശൈലിയിലൂടെ ഐശ്വര്യ മഞ്ജുഷയും സ്മൃതി രാജീവും കാണികളെ കയ്യിലെടുത്തു. പരിപാടിയുടെ മുഖ്യ അവതാരകയായി തിളങ്ങിയ ഐശ്വര്യ മഞ്ജുഷയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഒട്ടും വിരസതയില്ലാത്ത അവതരണത്തിലൂടെ മണിക്കൂറുകളോളം കാണികളെ വേദിയിലേക്ക് പിടിച്ചിരുത്താന്‍ ഐശ്വര്യയ്ക്ക് സാധിച്ചു. തടസ്സങ്ങളില്ലാത്ത സംസാരശൈലിയും പോസിറ്റീവ് എനര്‍ജിയും, തമാശകള്‍ കലര്‍ത്തിയുള്ള അവതരണവും പരിപാടിക്ക് പുതിയൊരു ഉന്മേഷം പകര്‍ന്നു. ഓരോ നിമിഷവും കാണികളുമായി സംവദിച്ചും അവരില്‍ ആവേശം നിറച്ചും ഐശ്വര്യ തന്റെ നേതൃപാടവം തെളിയിച്ചു. 'LKC ഹൃദയം' പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കായി കമ്മിറ്റിയംഗം പ്രിന്‍സിന്റെ നേതൃത്വത്തില്‍ ക്യൂ ഇല്ലാത്ത പ്രവേശനം ഉള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ലൈഫ് ലൈന്‍ പ്രൊട്ടക്ട്, ഗിലാനീസ് സൂപ്പര്‍ സ്റ്റോര്‍, മാര്‍ഷലോ കാര്‍ ഇന്‍ഷുറന്‍സ്, കല്യാണ്‍ ജ്വല്ലേഴ്‌സ് എന്നീ പ്രൈം സപ്പോര്‍ട്ടേഴ്‌സിനൊപ്പം ജിയ ട്രാവല്‍സ്, ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സ്, ഇലവന്‍ ഏയ്സ്, വൗ ഹോംസ്, മുത്തൂറ്റ് ഫിനാന്‍സ്, സതേണ്‍ സ്‌പൈസസ് റസ്റ്റോറന്റ്, കാവ്യ സില്‍ക്‌സ്, ഷാന്‍ പ്രോപ്പര്‍ട്ടീസ്, കേരള ഡിലൈറ്റ്സ്, തെരേസാസ് ലണ്ടന്‍, ഹൗസ് ഓഫ് ബേക്കിലിന്‍ റസ്റ്റോറന്റ്, ചാക്കോ കോട്ടേജസ്, ലോ ആന്‍ഡ് ലോയേഴ്‌സ്, എ വണ്‍ കാര്‍സ് എന്നിവര്‍ പരിപാടിക്ക് കരുത്തുപകര്‍ന്നു.

പ്രോഗ്രാം കണ്‍വീനര്‍ രമേശ് ബാബുവിന്റെ നേതൃത്വത്തില്‍ അജയ് പെരുമ്പലത്ത്, ചന്ദന സുരേഷ്, ടിറ്റി ജോണ്‍, ബിജു മാത്യു, ജോര്‍ജ് കളപ്പുരക്കല്‍, ജഗന്‍ പാടച്ചിറ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ ഏകോപിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റിയില്‍ സോണി ജോര്‍ജ്, ജോര്‍ജ് കാട്ടാമ്പിള്ളി, വരുണ്‍, പ്രിന്‍സ്, ഐശ്വര്യ, അഷിത, ഗീതു, അനീഷ് ജോണ്‍, അജിത് സ്റ്റീഫന്‍ എന്നിവരും, റിസപ്ഷന്‍ കമ്മിറ്റിയില്‍ ആല്‍വിന്‍, റോബിന്‍, ജിജോ, ബെന്‍സി, ബിന്‍സി, പ്രവീണ്‍ പങ്കജ്, രേവതി വെങ്ങലോട്ട്, പ്രദീപ് നൈനാന്‍, അനു അമ്പി, ശ്യാം എന്നിവരും പ്രവര്‍ത്തിച്ചു. മീഡിയ മാനേജ്മെന്റ് അഭിലാഷ്, കൃഷ്ണകുമാര്‍ എന്നിവരും നിര്‍വ്വഹിച്ചു.

ടിറ്റി ജോണ്‍, ജോര്‍ജ് കളപ്പുരക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷെഫ് ജെയ്സണും ടീമും LKC ഫുഡ് കമ്മിറ്റിയും ചേര്‍ന്നപ്പോള്‍ വിപുലമായ വിരുന്നാണ് ആഘോഷത്തില്‍ പങ്കുചേര്‍ന്നവര്‍ക്കായി ഒരുക്കിയത്. ബിജു പോള്‍, ജെയിന്‍ ജോസഫ്, വിനീത് നായര്‍, അരുണ്‍ ഉമ്മന്‍, ജോസ്റ്റിന്‍, ജെയ്സണ്‍, ബിനോയ്, ജോസ് തോമസ്, ജോസ് പള്ളിപ്പാടന്‍, രാജേഷ് ട്രീസന്‍, ലൂയിസ് കെന്നഡി, ലൈജു വടക്കന്‍, പൗലോസ് കുട്ടി, സോജന്‍ ജോണ്‍, ജോസ് ജെയിംസ് വട്ടക്കുന്നേല്‍, ജോസ് ജോസഫ്, ബിനു ശ്രീധരന്‍, രെജു രാഘവന്‍ എന്നിവര്‍ കിച്ചണ്‍-ഫുഡ് കൗണ്ടറുകളുടെ ഭാഗമായി സഹകരിച്ചു.

പരിപാടിയില്‍ പങ്കുചേരാന്‍ എത്തിയവരെ കാത്തിരുന്നത് ആവേശകരമായ സമ്മാനപ്പെരുമഴയായിരുന്നു. ഗിലാനി സൂപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച 'ഷോപ്പ് ചെയ്യൂ, സ്വര്‍ണ്ണം സമ്മാനമായി നേടൂ' റാഫിള്‍ പദ്ധതിയിലെ വിജയികള്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കല്യാണ്‍ ജ്വല്ലറി ഒരുക്കിയ ഒരു ഗ്രാം സ്വര്‍ണ്ണനാണയത്തിനുള്ള റാഫിള്‍ വിജയികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആഘോഷത്തിന്റെ ഭാഗമായി സ്വന്തംനിലയില്‍ സംഘടിപ്പിച്ച ആവേശകരമായ റാഫിള്‍ നറുക്കെടുപ്പില്‍ ഭാവന (1 പവന്‍), സുനില്‍ പെരേര (1/2 പവന്‍), ജിനു കുര്യന്‍ (iPad), അജ്മല്‍ ബഷീര്‍ (4K TV), ജോസ്ന ടോജോ & ഭാവന G G (നിന്‍ജ എയര്‍ ഫ്രയര്‍), റോക്ക് അഡ്സണ്‍, മനോജ് വി, ധനിക് പ്രകാശ്, ഭൂമിക, ആന്‍സി ആന്റണി (ഗിഫ്റ്റ് വൗച്ചറുകള്‍) എന്നിവര്‍ വിജയികളായി. കൂടാതെ, ലൈഫ്ലൈന്‍ ഇന്‍ഷുറന്‍സ് & മോര്‍ട്ട്‌ഗേജ് നടത്തിയ റാഫിള്‍ വിജയിക്കും ചടങ്ങില്‍ സമ്മാനം നല്‍കി. ഇരുപതാം വാര്‍ഷികം പ്രമാണിച്ച് മാര്‍ഷലോ കാര്‍ ഇന്‍ഷുറന്‍സ് കമ്പനി പുതിയ ഡ്രൈവര്‍മാര്‍ക്കായി 'LKC90' എന്ന സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് കോഡും പ്രഖ്യാപിച്ചു.

കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമേ ടോജോ ജോസഫ്, ജിഷ ടോജോ, അനൂപ് (ഡ്രീംസ്), ബിനു കെറ്ററിംഗ്, റോബിന്‍സ്, ലിജോ നെല്ലിയാനി, ജോര്‍ജ് തോമസ് പാലാ, വിനി സനീഷ്, ധന്യ അജേഷ്, സ്വപ്ന, ശ്രീനാഥ് (ലൈറ്റ് & സൗണ്ട്), ജിസ്മോന്‍ (ലൈവ് സ്ട്രീമിംഗ്), അലന്‍ ( പോസ്റ്റര്‍ ഡിസൈനര്‍), ക്യാമറമാന്‍മാരായ സാജു അത്താണി ബെറ്റര്‍ ഫ്രെയിംസ്, സജീഷ് ആത്മ മീഡിയ, ടോംസ് ബെറ്റര്‍ ഫ്രെയിംസ് എന്നിവര്‍ക്കും വോളന്റിയര്‍മാര്‍ക്കും ജോയിന്റ് കണ്‍വീനര്‍ ജഗന്‍ പടച്ചിറ നന്ദി രേഖപ്പെടുത്തി.

ഈ പ്രൗഢഗംഭീരമായ ആഘോഷത്തിന് സാക്ഷിയാകാന്‍ എത്തിയ എല്ലാ LKC അംഗങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, പരിപാടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ ഇതര സാംസ്‌കാരിക സംഘടനകളിലെ സുഹൃത്തുക്കള്‍ക്കും ജഗന്‍ പാടാച്ചിറ ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിച്ചു. കഴിഞ്ഞ 20 വര്‍ഷത്തെ അഭിമാനകരമായ ഈ യാത്ര സാധ്യമാക്കിയ ഓരോ വ്യക്തിയെയും സ്‌നേഹത്തോടെ സ്മരിച്ചുകൊണ്ടും, ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ഒരുമിച്ച് മുന്നേറട്ടെ എന്ന് ആശംസിച്ചുകൊണ്ടുമാണ് 'ട്വന്റി-ട്വന്റി' ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്. വരും തലമുറകള്‍ക്കും മാതൃകയാക്കാവുന്ന ഒരുമയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഉജ്ജ്വലമായ അടയാളപ്പെടുത്തലായി ഈ വാര്‍ഷികാഘോഷം ലെസ്റ്ററിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.