
















കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണി എംപി ലത്തീന്‍ രൂപതയുടെ കൊച്ചിയിലെ ആസ്ഥാനത്തെത്തി. കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. ലത്തീന്‍ സഭയുമായുള്ള അനുനയനീക്കത്തിന്റെ ഭാഗമായാണ് ജോസ് കെ മാണിയുടെ സന്ദര്‍ശനമെന്നാണ് സൂചന.
യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് എം പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ അതിന് സഭകള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് പക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. ഇതില്‍ സഭകള്‍ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകളടക്കം പുറത്തുവന്നതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ സഭ ആസ്ഥാനത്തെ സന്ദര്‍ശനം. എല്‍ഡിഎഫ് വിടാത്തതതിന്റെ കാരണങ്ങള്‍ ബോധ്യപ്പെടുത്താനും സര്‍ക്കാറുമായി സഭയ്ക്കുള്ള അതൃപ്തി നീക്കാനും ജോസ് കെമാണി ശ്രമിക്കുമെന്നാണ് സൂചന. മുന്നണിമാറ്റത്തിനായി സഭ ഇടപെട്ടുവെന്ന വാര്‍ത്തകളെ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നേരത്തെ തള്ളിയിരുന്നു.
അതേസമയം മുന്നണി മാറ്റ ചര്‍ച്ച ആവശ്യമില്ലായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് സമയം അത്തരം ചര്‍ച്ചകള്‍ ശരിയായില്ലെന്നും ഇത് ക്ഷീണം ഉണ്ടാക്കും എന്നുമാണ് ചങ്ങനാശേരിയില്‍ നിന്നുള്ള അംഗം വിമര്‍ശിച്ചത്.