
















മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി കടുത്ത അതൃപ്തിയില്‍. വരാനിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നടക്കം വിട്ടുനില്‍ക്കും. ജനുവരി 19-ന് കൊച്ചിയില്‍ നടന്ന കെ.പി.സി.സി മഹാപഞ്ചായത്ത് പരിപാടിയിലെ സംഭവ വികാസങ്ങളില്‍ തരൂര്‍ അതൃപ്തനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. താന്‍ അപമാനിതനായെന്ന വികാരം തരൂര്‍ നേതാക്കളെ അറിയിച്ചു. പരിപാടിയെ കുറിച്ച് കൃത്യമായ വിവരം പാര്‍ട്ടി നേതാക്കള്‍ നല്‍കിയിരുന്നില്ല. സമയപരിമിതിയുണ്ടെന്നറിയിച്ച് തന്റെ പ്രസംഗം നേരത്തെയാക്കി. രാഹുല്‍ ഗാന്ധി വേദിയിലെത്തിയ ശേഷം മറ്റ് നേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയെന്നും തന്നെ തഴഞ്ഞുവെന്നുമാണ് തരൂര്‍ പറയുന്നത്.
പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനങ്ങളുന്നയിക്കുന്നതില്‍ നിന്നും പിന്‍മാറുമെന്നും പൂര്‍ണ്ണമായും പാര്‍ട്ടിക്ക് വിധേയനായിരിക്കുമെന്ന ഉറപ്പ് നേതാക്കള്‍ക്ക് തരൂര്‍ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിലടക്കം യാതൊരവകാശവാദവും ഉന്നയിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നതായാണ് വിവരം. നിലവിലെ അതൃപ്തി സാഹചര്യത്തില്‍ എന്താകും തരൂര്‍ സ്വീകരിക്കുന്ന നിലപാടെന്നതില്‍ വ്യക്തതയില്ല.