
















മകരവിളക്ക് ദിവസത്തില്‍ പമ്പയില്‍ അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയെന്ന കേസില്‍ സംവിധായകന്‍ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു. സന്നിധാനത്തല്ല പമ്പയിലാണ് ഷൂട്ടിംഗ് നടന്നതെന്ന് സംവിധായകന്‍ മൊഴിനല്‍കി. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് ദേവസ്വം വിജിലന്‍സ് വ്യക്തമാക്കി. ഇന്ന് റിപ്പോര്‍ട്ട് കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പോര്‍ട്ട് വേഗത്തില്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വ്യക്തമാക്കി. ഇന്നോ നാളെയോ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിസര്‍വ് വന ഭൂമിയില്‍ അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയതിന് പിന്നാലെയാണ് വനം വകുപ്പ് അനുരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഈ മാസം 24-നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
അനുരാജ് മനോഹറിനെതിരെ അഡ്വ. ഷാജഹാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. പിന്നാലെ ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍ കുമാറിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സിനിമ ചിത്രീകരിക്കാനായി എഡിജിപി എസ് ശ്രീജിത്താണ് അനധികൃതമായി അനുമതി നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പമ്പ പശ്ചാത്തലമായ സിനിമയാണ് അനുരാജ് സംവിധാനം ചെയ്യുന്നത്. നേരത്തെ പമ്പയില്‍ സിനിമ ചിത്രീകരിക്കാനുള്ള അനുമതി ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ നിഷേധിച്ചിരുന്നു.
അതേസമയം, പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നായിരുന്നു അനുരാജ് മനോഹറിന്റെ വിശദീകരണം. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ് അനുമതി തേടിയത്.