
















ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ അധ്യാപികയ്ക്ക് നേരെ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ക്രൂരത. മെയിന്‍ പുരിയിലെ കോട്വാലി നഗര്‍ പ്രദേശത്താണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പ്രണയാഭ്യര്‍ത്ഥന അധ്യാപിക നിരസിച്ചതാണ് ആക്രമണത്തിന് കാരണം. സംസാരിക്കാനെന്ന നിലയില്‍ അധ്യാപികയ്ക്കടുത്തെത്തിയ വിദ്യാര്‍ത്ഥി പിന്നാലെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മുഖത്ത് പരിക്കേല്‍പിക്കുകയും ചുണ്ട് കടിച്ച് മുറിക്കുകയും ചെയ്തു.
അതേസമയം വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞതായും ഇതേ കുട്ടി മുമ്പും അധ്യാപികയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അധ്യാപികയുടെ കുടുംബം പറഞ്ഞു. ഇക്കാര്യം പിടിഎ യോഗത്തില്‍വെച്ച് വിദ്യാര്‍ത്ഥിയുടെ മാതാവിനെ അറിയിച്ചിരുന്നു. അതിന് ശേഷം പലപ്പോഴായി കുട്ടി അധ്യാപികയെ ശല്യം ചെയ്യുകയും വഴിയില്‍ തടഞ്ഞുനിര്‍ത്തി മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അധ്യാപിക സ്‌കൂള്‍ മാറി. എന്നാല്‍ താനുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ആവശ്യവുമായി സമീപിച്ച വിദ്യാര്‍ത്ഥി, സമ്മര്‍ദ്ദം ചെലുത്തുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ അധ്യാപികയും വിദ്യാര്‍ത്ഥിയും നടന്നു പോകുന്നതും പിന്നാലെ തര്‍ക്കമുണ്ടാകുന്നതും ആക്രമിക്കുന്നതും കാണാം. സംഭവത്തിന് ശേഷം ഓടിപ്പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. അധ്യാപിക ആശുപത്രിയില്‍ ചികിത്സയിലാണ്.