
















ഗാസ സമാധാനപദ്ധതിയെ ഇന്ത്യ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് മോദി ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂര്‍ണപിന്തുണയെന്ന് വ്യക്തമാക്കിയത്. പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നത് ഉള്‍പ്പെടെ, മേഖലയിലെ ജനങ്ങള്‍ക്ക് നീതിയുക്തവും ശാശ്വതവുമായ സമാധാനം ഈ കരാര്‍ നല്‍കുമെന്നാണ് വിശ്വാസമെന്നും മോദി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഹൃദ്യമായ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേല്‍ പാര്‍ലമെന്റില്‍ ലഭിച്ചത്. പിന്നീട് നടത്തിയ പ്രസംഗത്തിലാണ് മോദി ഗാസയെ പരാമര്‍ശിച്ചത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും ഇസ്രയേലും ഒറ്റക്കെട്ടായി മുന്നേറുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. എവിടെയായാലും തീവ്രവാദം സമാധാനത്തിന് ഭീഷണിയാണെന്നും ഇസ്രയേലിനെപ്പോലെ ഇന്ത്യയും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നയമാണ് കൈക്കൊള്ളുന്നത് എന്നും മോദി പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ആക്രമണത്തില്‍ ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മോദി ഇന്ത്യന്‍ ജനതയുടെ അനുശോചനം അറിയിച്ചു. അവരുടെ വേദന മനസിലാക്കുന്നുവെന്നും ഇന്ത്യ എല്ലാസമയവും ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും മോദി പറഞ്ഞു. ഒരു കാരണവശാലും ഭീകരതയെയും സാധാരണക്കാരുടെ കൊലപാതകത്തെയും ന്യായീകരിക്കാന്‍ കഴിയില്ല എന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഭീകരതയോട് ഇരട്ടത്താപ്പില്ലാത്ത നയമാണ് ഇന്ത്യക്കുള്ളത് എന്നും മോദി പറഞ്ഞു. സമൂഹത്തെ അസ്ഥിരപ്പെടുത്തുക, വികസനം തടയുക, വിശ്വാസം ഇല്ലാതെയാക്കുക എന്നതെല്ലാമാണ് ഭീകരവാദത്തിന്റെ ലക്ഷ്യം. അവയെ നേരിടുന്നതിന് സുസ്ഥിരമായ, എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ആഗോള നടപടി ആവശ്യമാണ്. ഭീകരത എല്ലായിടത്തും ഭീഷണിയാണ്. അതിനാലാണ് ഇന്ത്യ ഇത്തരം ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതെന്നും മോദി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേലി പൗരമാരെ താന്‍ ഈ നിമിഷത്തില്‍ ഓര്‍ക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലില്‍ എത്തിയത്.