CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 40 Minutes 50 Seconds Ago
Breaking Now

2026 കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനങ്ങള്‍ അബര്‍ഡീനിലും, ലണ്ടനിലും ആഗസ്റ്റ് അവസാന വാരം; ആര്‍ച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കലും, റവ. ഡോ. ജോസഫ് വലിയവീട്ടിലും നയിക്കും

ലണ്ടന്‍: ആത്മീയ നവീകരണത്തിനും, വിശ്വാസ അനുഭവത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും അനുഗ്രഹീത സന്നിധിയായ 'കൃപാസനം മരിയന്‍ സെന്റര്‍' ഈ വര്‍ഷവും യുകെ യില്‍ കൃപാസനം ഉടമ്പടി ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം നടത്തപ്പെട്ട മരിയന്‍ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാര്‍ത്ഥനാ സാഫല്യങ്ങള്‍ക്കുള്ള നന്ദി സൂചകമായും, പങ്കുചേരുവാന്‍ കഴിയാതെ പോയവര്‍ക്കുള്ള അവസരത്തിനുമായും, മാതൃഭക്തരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് യു കെ യില്‍ കൃപാസനം ഉടമ്പടി ധ്യാനം ഈ വര്‍ഷവും ഒരുക്കുന്നത്.

കാലിക്കറ്റ് റോമന്‍ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, കൃപാസനം മരിയന്‍ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടില്‍, കദോഷ് മരിയന്‍ മിനിസ്ട്രികളുടെ സ്പിരിച്ച്വല്‍ ഡയറക്ടറും, സെന്റ് ജോര്‍ജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സണ്‍ സെബാസ്റ്റ്യന്‍, കദോഷ് മരിയന്‍ മിനിസ്ട്രീസ് ചെയര്‍മാന്‍ ബ്രദര്‍ തോമസ് ജോര്‍ജ്ജ്  എന്നിവരാവും പ്രധാനമായും കൃപാസനം ഉടമ്പടി ധ്യാനങ്ങള്‍ക്കു നേതൃത്വം നല്‍കുക.

യു കെ യില്‍ ആഗസ്റ്റ് മാസം 25,26,27 തീയതികളിലായി സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് നടത്തുന്ന ത്രിദിന ധ്യാനത്തോടെ ആരംഭിക്കുന്ന കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം തുടര്‍ന്ന് 29,30,31 തീയതികളിലായി ലണ്ടനിലെ ബൈറോണ്‍ ഹാളിലുമാണ്  ക്രമീകരിച്ചിരിക്കുന്നത്. റവ. ഡോ. ജോസഫ് വലിയവീട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, ബ്ര.തോമസ് ജോര്‍ജ്ജ് (കാദോഷ് മരിയന്‍ മിനിസ്ട്രീസ്) ശുശ്രൂഷകളില്‍ സഹായിക്കുന്നതുമായിരിക്കും.

പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ത്ഥനാ നിറവില്‍ വെളിപ്പെട്ട, അമ്മയുടെ ഹിതം മനസ്സിലാക്കി ആരംഭിച്ച 'കൃപാസനം മരിയന്‍ റിട്രീറ്റ് സെന്ററില്‍' പരിശുദ്ധ അമ്മയുമായി ചേര്‍ന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോള്‍ ലഭിക്കുന്ന അത്ഭുതാനുഭവങ്ങള്‍ക്കും, രോഗശാന്തികള്‍ക്കും, അനുഗ്രഹങ്ങള്‍ക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങള്‍ അനവധിയാണ്.

രാവിലെ എട്ടുമണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളില്‍ തുടര്‍ന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുര്‍ബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകള്‍ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.

കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങള്‍ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കര്‍മ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയന്‍ മിനിസ്ട്രീസ് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂറായി  പേരുകള്‍ രെജിസ്റ്റര്‍ ചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

Abredeen - https://www.tickettailor.com/events/kadoshmarianministries/2083917

London - https://www.tickettailor.com/events/kadoshmarianministries/2076878

 

For More Details: 07770 730769, 07459 873176

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.