
















പി കെ ശശിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പി കെ ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു. വിമത നീക്കത്തിന്റെ പേരില്‍ പി കെ ശശിയെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ബാബു ശശിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
''ഒറ്റപ്പാലത്ത് സിപിഎമ്മിനും എല്‍ഡിഎഫിനും സ്ഥാനാര്‍ത്ഥിയുണ്ട്. വഴിയിലൂടെ പോകുന്ന ഏതെങ്കിലും ഒരുത്തന് ഞാന്‍ മറുപടി പറയേണ്ട കാര്യമുണ്ടോ? ഞങ്ങളുടെ അടുക്കളയില്‍ പാചക്കാരനായും കുടപിടിപ്പുകാരനായും നടന്നവനെയൊക്കെ സ്ഥാനാര്‍ത്ഥിയാക്കുന്നത് യുഡിഎഫിന്റെ ഗതികേടാണ്. പാര്‍ട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളും കാലാകാലങ്ങളായി അനുഭവിച്ച്, അതിന്റെ സുഖം കണ്ട്, അതില്‍ നിന്ന് പരമാവധി സാമ്പത്തിക വെട്ടിപ്പ് നടത്തി അതില്‍ പാര്‍ട്ടി നടപടി നേരിട്ടാല്‍ തിരുത്തി കമ്മ്യൂണിസ്റ്റ് ബോധത്തോടെ തിരിച്ചുവരേണ്ടതിന് പകരം ഞാനിത് തുടരും, എനിക്ക് ഈ പണിയാണ് നല്ലത് എന്ന് പ്രഖ്യാപിക്കുന്നവനോടൊക്കെ എന്തു പറയാനാണ്. സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ കൊള്ളരുത്താവര്. ഇനി ഇയാളെ വലിയ മഹാനാക്കി നിങ്ങള്‍ മാറ്റുമല്ലോ''- സുരേഷ് ബാബു ചോദിച്ചു.
പി കെ ശശിയുടെ ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണ്. രാഷ്ട്രീയത്തില്‍ വന്നകാലം മുതല്‍ക്കുള്ള തന്റെ സമ്പത്തടക്കം പരിശോധിക്കാം. ഒരു തരി മണ്ണിന്റെ വലിപ്പമോ വരുമാനത്തില്‍ അധികമായി എന്തെങ്കിലും ഒരു തരിയോ ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശശിയുടെ തീവ്രത അളന്നത് എ കെ ബാലനും ശ്രീമതി ടീച്ചറുമാണെന്നാണ് മാധ്യമങ്ങള്‍ അന്ന് പരസ്യപ്പെടുത്തിയത്. ഇനി വി ഡി സതീശന്‍ ശശിയുടെ തീവ്രത അളക്കട്ടെയെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.