
















വിഘടനവാദി സംഘടനകള്‍ക്ക് പരിശീലനം നല്‍കിയ വിദേശ പൗരന്മാരുടെ അറസ്റ്റില്‍ കൂടുതല്‍ കണ്ടെത്തലുമായി എന്‍ഐഎ. 20 വിദേശികള്‍ വിഘടനവാദി പരിശീലനത്തിന് എത്തിയെന്നാണ് വിവരം. റഷ്യന്‍ ഏജന്‍സികളാണ് ഇവരുടെ ഇന്ത്യയിലെ സാന്നിധ്യത്തെ സംബന്ധിച്ച് വിവരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 വിദേശികള്‍ വിഘടനവാദി പരിശീലനത്തിന് എത്തിയെന്നും നാലു ബാച്ചുകളിലായി തിരിച്ച് പരിശീലനം നടത്തിയെന്നുമാണ് പറയുന്നത്.
ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്നാരോപിച്ച് ആറ് യുക്രൈന്‍ പൗരന്മാരെയും ഒരു അമേരിക്കന്‍ പൗരനെയും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ദില്ലി, ലക്നൗ, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ നിന്നാണ് ഏഴ് പേരും എന്‍ ഐ എയുടെ പിടിയിലായത്. അറസ്റ്റിലായ അമേരിക്കന്‍ പൗരനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്നും മറ്റ് പ്രതികളില്‍ മൂന്നുപേരെ ലക്നൗവില്‍ നിന്നും മൂന്നുപേരെ ദില്ലിയില്‍ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദി സംഘടനകളുമായി ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
അമേരിക്കന്‍ - യുക്രൈന്‍ പൗരന്മാരുടെ അറസ്റ്റിന് കാരണം വിഘടനവാദി സംഘടനകള്‍ക്ക് പരിശീലനം നല്‍കിയെന്നതാണെന്ന് എന്‍ ഐ എ, ദില്ലി കോടതിയെ അറിയിക്കുകയും ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താനും ആയുധ പരിശീലനമടക്കം നല്‍കി. മ്യാന്മാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഘടനവാദി സംഘടനകള്‍ക്കാണ് ഇവര്‍ സഹായം നല്‍കിയത്. അറസ്റ്റിലായ അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ഡൈക്ക് വിഘടനവാദി സംഘടനകളും ആയി പരിശീലനത്തിന് സഹകരിച്ചെന്ന് കണ്ടെത്തിയതായും എന്‍ ഐ എ വിവരിച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന രീതിയില്‍ ഇവര്‍ പ്രവര്‍ത്തനം നടത്തി എന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ ഏഴു പ്രതികളെയും 11 ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു.