CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 7 Minutes 20 Seconds Ago
Breaking Now

സമാധാന ചര്‍ച്ചകള്‍ക്ക് വേദിയാകാന്‍ ഇസ്ലാമാബാദ്; അമേരിക്ക - ഇറാന്‍ മധ്യസ്ഥനീക്കങ്ങളില്‍ ഇടപെടല്‍

പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഇരുപക്ഷത്തെയും ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

പശ്ചിമേഷ്യയില്‍ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദില്‍ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ്  ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നയതന്ത്ര നീക്കം.

പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഇരുപക്ഷത്തെയും ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ചര്‍ച്ചകളില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ഇതിനോടകം ധാരണയിലെത്തിയെന്നും ട്രംപ് അവകാശപ്പെടുമ്പോഴും, ഇസ്രായേല്‍ ഈ നീക്കങ്ങളില്‍ അമ്പരപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സമാധാന ശ്രമങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും ധാരണകളിലെത്തിയെന്ന ട്രംപിന്റെ പ്രസ്താവന പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍.

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ചു. റമദാന്‍, ഈദ് വേളകളിലായി ഇരുവരും പലതവണ ആശയവിനിമയം നടത്തുകയും യുദ്ധം അവസാനിപ്പിക്കേണ്ടതിന്ര്‍റെ അനിവാര്യത ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.