
















നിരന്തരം ഫോണ്‍ വിളിച്ചിട്ടും എടുക്കാത്ത ഭാര്യയെ പിഞ്ചു മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ധന്‍പത്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സേവ്ര ചാര്‍ത്തൈ ഗ്രാമത്തില്‍ ഭാര്യയെ വടികൊണ്ട് അടിച്ചുകൊന്ന കേസില്‍ 45 വയസ്സുള്ള ആളെ അറസ്റ്റ് ചെയ്തതായി പോലീസ്.
നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന നഖ്‌ചേദ് (45) എന്ന പ്രതി ഭാര്യ കുസുമിനെ (42) രാവിലെ മുഴുവനും ഫോണ്‍ വിളിച്ചെങ്കിലും, തിരക്കിലായതിനാല്‍ അവര്‍ ഫോണ്‍ എടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ല.
ഇതില്‍ പ്രകോപിതനായ നഖ്‌ചേദ് അര്‍ദ്ധരാത്രിയോടെ വീട്ടിലേക്ക് മടങ്ങി. മക്കളായ ഉദയ്ഭാന്‍ (9), ദീക്ഷ (8) എന്നിവരുടെ മുന്നില്‍ വെച്ച് കുസുമിനെ ഇയാള്‍ വടികൊണ്ട് ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. കുട്ടികള്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവരെ മാറ്റി നിര്‍ത്തിയെന്ന് പോലീസ് പറഞ്ഞു.
രാത്രിയില്‍ അച്ഛന്‍ അമ്മയെ മര്‍ദ്ദിക്കുന്നത് തുടര്‍ന്നുവെന്നും, കുസുമിനെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചതായും മകള്‍ ദീക്ഷ പറയുന്നു. എന്നാല്‍, ഭാര്യ രാവിലെ വീട്ടിലേക്ക് മടങ്ങിയപ്പോള്‍, പ്രതി വീണ്ടും വടികൊണ്ട് കുസുമിനെ ആക്രമിച്ചു. അവര്‍ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുസും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഭാര്യയെ ആക്രമിച്ചതായി സമ്മതിച്ചെങ്കിലും അത് മരണത്തിലേക്ക് നയിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.
ദമ്പതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളും പഞ്ചാബില്‍ ജോലി ചെയ്യുന്ന 22 വയസ് പ്രായമുള്ള മൂത്ത മകനായ തിലക് രാജും ഉണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നുന്നതായി പോലീസ് പറഞ്ഞു.