CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 18 Seconds Ago
Breaking Now

യുപിയില്‍ പാകിസ്ഥാന്‍ ബന്ധമുള്ള വന്‍ ചാരശൃംഖല, 22 പേര്‍ അറസ്റ്റില്‍; സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി

ഡല്‍ഹി, സോണിപത് തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ തന്ത്രപ്രധാനമായ ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അതിന്റെ തത്സമയ ദൃശ്യങ്ങള്‍ പാകിസ്ഥാനിലേക്ക് എത്തിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാന്‍ ബന്ധമുള്ള വന്‍ ചാരശൃംഖലയെ തകര്‍ത്ത് പൊലീസ്. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായ പ്രതികളുടെ എണ്ണം 22 ആയി ഉയര്‍ന്നു. ശൃംഖലയുടെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ നൗഷാദ് അലി (ലാലു) ഫരീദാബാദില്‍ നിന്നാണ് പിടിയിലായത്. ഒരു പെട്രോള്‍ പമ്പിന് സമീപം പഞ്ചര്‍ ഒട്ടിക്കുന്ന കടയുടെ മറവിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

സാങ്കേതിക വിദ്യയില്‍ അറിവുള്ള യുവാക്കളെ ചാരപ്രവര്‍ത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നതില്‍ നൗഷാദ് അലി പ്രധാന പങ്കുവഹിച്ചിരുന്നു എന്നാണ് അന്വേഷണസംഘം പറയുന്നത്. മൊബൈല്‍ റിപ്പയറിംഗ്, കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യല്‍, സിസിടിവി ഇന്‍സ്റ്റാളേഷന്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ളവരെയാണ് ഇയാള്‍ സംഘത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് ഇയാളെ ഈ ശൃംഖലയുടെ ഭാഗമായി ഫരീദാബാദിലേക്ക് എത്തിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാക്കളെ പണം നല്‍കി പ്രലോഭിപ്പിച്ചാണ് അതിര്‍ത്തി കടന്നുള്ള ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നത്.

റെയില്‍വേ സ്റ്റേഷനുകള്‍, സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മെസേജിംഗ് ആപ്പുകള്‍ വഴി പാകിസ്ഥാനിലെ കൈമാറുകയായിരുന്നു ഇവരുടെ പ്രധാന രീതി. ഓരോ ചിത്രത്തിനും വീഡിയോയ്ക്കും നിശ്ചിത തുക പ്രതിഫലമായി നല്‍കിയിരുന്നു. സംശയം ഒഴിവാക്കാന്‍ സ്ത്രീകളെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 14-ന് സോഹൈല്‍ മാലിക്, സനെ ഇറം എന്നിവരുള്‍പ്പെടെയുള്ള ആറ് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ഈ വന്‍ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.

ഡല്‍ഹി, സോണിപത് തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ തന്ത്രപ്രധാനമായ ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അതിന്റെ തത്സമയ ദൃശ്യങ്ങള്‍ പാകിസ്ഥാനിലേക്ക് എത്തിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. സൈനിക നീക്കങ്ങളും തന്ത്രപ്രധാനമായ വിവരങ്ങളും അതിര്‍ത്തി കടന്ന് നിരീക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഡല്‍ഹി മുതല്‍ കാശ്മീര്‍ വരെയുള്ള വിവിധയിടങ്ങളിലേക്ക് ഈ ശൃംഖല വ്യാപിപ്പിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുമുണ്ടായിരുന്നു. ഒരു പോലീസ് കോണ്‍സ്റ്റബിളിന് തോന്നിയ സംശയമാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വലിയ ചാരസംഘത്തെ വെളിച്ചത്തുകൊണ്ടുവന്നത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. സ്വന്തമായി സിസിടിവി സ്ഥാപിച്ചായിരുന്നു ചാരവൃത്തി. ഡല്‍ഹിയിലും യുപിയിലും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം സിസിടിവികള്‍ സ്ഥാപിച്ചു. ഡല്‍ഹി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും സിസിടിവി കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.